More

    Choose Your Language

    എന്തുകൊണ്ടാണ് മുസ്ലീങ്ങൾ “പ്രസാദം” കഴിക്കാത്തത്?

    മുസ്ലീങ്ങൾ അവരുടെ ആശയപരമായ നിലപാട് കാരണമാണ് "പ്രസാദം" കഴിക്കാത്തത്. മാംസാഹാരം കഴിക്കാൻ വിസമ്മതിക്കുന്ന സസ്യാഹാരികളുടെ പ്രത്യയശാസ്ത്ര നിലപാടുമായി ഇത് വളരെ സാമ്യമുള്ളതാണ്. സസ്യഭുക്കുകൾക്ക് നൽകുന്ന പരിഗണനയും അവരുടെ ആശയനിലപാടുകളെ അളക്കുന്ന അളവുകോലും മുസ്ലീങ്ങളുടെ കാര്യത്തിലും ബാധകമാകണം.

    എന്തുകൊണ്ടാണ് മുസ്ലീങ്ങൾ “പ്രസാദം” കഴിക്കാത്തത്?

    “എന്തുകൊണ്ടാണ് മുസ്ലീങ്ങൾ പ്രസാദം കഴിക്കാത്തത്?” എന്നത് പലരും ചോദിക്കുന്ന ഒരു സാധാരണ ചോദ്യമാണ്. ഈ ചോദ്യം ശരിയായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാരണം മുസ്ലീങ്ങൾ “പ്രസാദം” കഴിക്കാത്തത് മറ്റ് മതവിശ്വാസികളോടുള്ള അവഹേളനമായും വിവേചനമായും അസഹിഷ്ണുതയായും പലരും കാണുന്നു.

    നിങ്ങൾ ചിക്കൻ 65 നൽകിയാൽ വെജിറ്റേറിയൻസ് അത് കഴിക്കുമോ?

    വ്യക്തമായ ഉത്തരം “ഇല്ല” എന്നായിരിക്കും. നിങ്ങൾ ചിക്കൻ 65 നൽകുന്നത് സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടും മാത്രമാണെന്നും അവരുമായി മൈത്രിയിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും വെജിറ്റേറിയനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചാലോ? ഈ വിശദീകരണം കേട്ട് അവർ ചിക്കൻ 65 സ്വീകരിക്കുമോ? ഇല്ല. അവർ ഒരിക്കലും സ്വീകരിക്കില്ല, അത് സ്വന്തം മതത്തിൽ പെട്ടവരാണെങ്കിലും ശരി. അവർ മാംസാഹാരം കഴിക്കാറില്ലെന്ന് വിനയപൂര്‍വം വിശദീകരിണം നൽകുകയും ചെയ്യും.

    മാംസാഹാരികളുടെ വികാരം മാനിച്ച് അവരോടുള്ള ബഹുമാനസൂചകമായി സസ്യാഹാരികൾ ചിക്കൻ 65 സ്വീകരിക്കണം” എന്ന് ആരെങ്കിലും വാദിച്ചാൽ നിങ്ങൾ അതിനോട് യോജിക്കുമോ?

    ഒരു വെജിറ്റേറിയൻ ചിക്കൻ 65 കഴിക്കാൻ വിസമ്മതിച്ചാൽ അതിനെ ആരെങ്കിലും വിവേചനമെന്നോ അസഹിഷ്ണുതയെന്നോ അപമാനപ്പെടുത്തലേന്നോ വിളിക്കുമോ? “ഇല്ല” എന്നായിരിക്കും ഉത്തരം. എന്നാൽ എന്തുകൊണ്ടായിരിക്കാം ഈ പ്രവൃത്തിയെ അങ്ങിനെ വിളിക്കാത്തത്! അവരുടെ വിശ്വാസപരമായ കാരണങ്ങളാലാണ് വെജിറ്ററിയൻസ് മാംസാഹാരം കഴിക്കാത്തതെന്ന് നമ്മൾ മനസ്സിലാക്കുന്നതാണ് ഇതിന് കാരണം.

    ന്യായബോധമുള്ള ഓരോ വ്യക്തിയും വെജിറ്റേറിയന്റെ പ്രത്യയശാസ്ത്ര നിലപാടിനെ മാനിക്കുകയും ചിക്കൻ 65 കഴിക്കില്ലെന്ന അവരുടെ തീരുമാനം അംഗീകരിക്കുകയും ചെയ്യും. ഇതേ അളവുകോലും പരിഗണയുമല്ലേ മുസ്ലിങ്ങളുടെ കാര്യത്തിലും ഉപയോഗിക്കേണ്ടത്?

    ആശയപരമായ നിലപാട് നിമിത്തമാണ് മുസ്ലീങ്ങൾ പ്രസാദം കഴിക്കാത്തത്

    എന്തുകൊണ്ടാണ് മുസ്ലീങ്ങൾ പ്രസാദം കഴിക്കാത്തത്? അത് കഴിക്കുന്നത് ദൈവം വിലക്കിയിരിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നത് കൊണ്ടാണത്.

    ദൈവം ഖുർആനിലൂടെ പറയുന്നു:

    ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ.

    ഖുർആൻ അധ്യായം 2: വചനം 173

    അന്യദൈവങ്ങൾക്കോ ​​പുണ്യവാളന്മാർക്കോ നിവേദ്യമായോ പ്രസാദമായോ നൽകിയ ഒരു ഭക്ഷണവും മുസ്ലീങ്ങൾ കഴിക്കരുതെന്ന് മുകളിലുള്ള വചനം വ്യക്തമാക്കുന്നു. ഒരു സസ്യാഹാരിയുടെ വിശ്വാസപരമായ നിലപാട് അവനെ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തത് പോലെ ഒരു മുസ്‌ലിമിന്റെ വിശ്വാസപ്രകാരം അവന് ദൈവത്തിനല്ലാതെ മറ്റുഅന്യദൈവങ്ങൾക്കോ വിശുദ്ധന്മാർക്കോ അർപ്പിക്കുന്ന വഴിപാടുകൾ കഴിക്കാൻ അനുവാദമില്ല.

    കുറിപ്പ്: ദർഗകളിൽ വിശുദ്ധർക്ക് നൽകുന്ന വഴിപാടുകൾ പോലും മുസ്ലീങ്ങൾ കഴിക്കരുത്. ഉദാഹരണമായി അജ്മീർ ദർഗയിൽ നടത്തിയ സർദാ വഴിപാട്. പുണ്യവാളന്‍മാർ എത്ര ഭക്തിയുള്ളവരായിരുന്നാലും അവർ ദൈവമല്ല. ഖുർആനിന്റെ മാർഗനിർദേശം പിന്തുടരുന്ന മുസ്‌ലിംകൾ പുണ്യവാളന്ന് നൽകുന്ന വഴിപാടായ സർദ കഴിക്കരുത്. ഈ വിലക്കിന് ഏതെങ്കിലും പ്രത്യേക മതവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതിലൂടെ നിങ്ങൾക്ക് മനസിലാക്കാം.

    എന്തുകൊണ്ടാണ് ഈ പ്രത്യയശാസ്ത്ര നിലപാട്?

    ഈ പ്രപഞ്ചവും അതിലുള്ളതെല്ലാത്തിന്റെയും (സമയവും സ്ഥലവും ഉൾപ്പെടെ) സ്രഷ്ടാവ് ദൈവമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സമയവും സ്ഥലവും ദൈവത്തിന്റെ സൃഷ്ടികളാണ്. അതിനാൽ പ്രപഞ്ചവും അതിനുള്ളിൽ നിലനിൽക്കുന്നതൊന്നും ദൈവമാകാൻ തരമില്ല. കാരണം പ്രപഞ്ചവും അതിനുള്ളിലുള്ളതെല്ലാം (ഒരു വ്യക്തി, ഒരു ഗ്രഹം അല്ലെങ്കിൽ ഒരു വസ്തു) സ്ഥല-കാല പരിമിതമാണ്. ദൈവം എല്ലാ പരിമിതികൾക്കും അതീതനാണല്ലോ.

    ഈ സ്രഷ്ടാവ് ഏകനാണ്, മാതാപിതാക്കളോ ജീവിതപങ്കാളിയോ കുട്ടികളോ അവനില്ല, അവന് ബലഹീനതകളില്ല, അവനു തുല്യനായി ആരുമില്ല എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഈ സ്വഭാവസവിശേഷതകൾ ഇല്ലാത്ത ഏതൊരു വസ്തുവും ദൈവമാകാൻ കഴിയില്ലെന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്.

    സ്വാഭാവികമായും ഇസ്ലാം ഒരു പുണ്യവാളനോ അന്യദൈവത്തിനോ (ദൈവം എന്ന സങ്കൽപ്പത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത) അർപ്പിക്കുന്ന ഭക്ഷണം യഥാർത്ഥദൈവത്തിനല്ലാത്ത മറ്റൊരു ആരാധ്യവ്യക്തിക്ക് അർപ്പിച്ച ഭക്ഷണമായി കണക്കാക്കുന്നു. അതുകൊണ്ട്തന്നെ മുസ്ലീങ്ങൾക്ക് ഇത് കഴിക്കാൻ അനുവാദമില്ല. എന്തുകൊണ്ടാണ് മുസ്ലീങ്ങൾ “പ്രസാദം” കഴിക്കാത്തതെന്ന് ഇപ്പോൾ നിങ്ങൾക്ക് വ്യക്തമായിക്കാണുമല്ലോ!

    ഇസ്ലാമിൽ വിവേചനമില്ല

    എല്ലാ മതങ്ങളിലുമുള്ള ആളുകളുമായി സൗഹാർദ്ദത്തോടെ ജീവിക്കാനാണ് ഇസ്ലാം അനുശാസിക്കുന്നത്. മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ ഉപോൽഫലകമായി താഴെ ഉദ്ധരിക്കാം.

    ഒരു യഹൂദൻ മുഹമ്മദ് നബിയെ ബാർലി റൊട്ടിയും നെയ്യും അടങ്ങിയ ഭക്ഷണത്തിന് ക്ഷണിക്കുകയും പ്രവാചകൻ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

    മുസ്‌നദ് അഹമ്മദ്

    അമുസ്‌ലിംകളുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാൻ മുസ്‌ലിംകളെ പഠിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് മുകളിൽ പറഞ്ഞ സംഭവം. അത് മാത്രമല്ല, അയൽക്കാരുമായി ഭക്ഷണം പങ്കിടാൻ പ്രവാചകൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

    മുഹമ്മദ് നബി പറഞ്ഞു:

    നിങ്ങൾ എന്തെങ്കിലും പാചകം ചെയ്യുമ്പോൾ കുറച്ച് കൂടുതൽ ഉണ്ടാക്കുക. അത് നിങ്ങളുടെ അയൽക്കാരുമായി പങ്കിടുകയും ചെയ്യുക.

    സഹീഹ് മുസ്ലിം

    ഇസ്‌ലാം മുസ്ലീങ്ങളെ അമുസ്ലീങ്ങളുടെ ഭക്ഷണം കഴിക്കാൻ അനുവദിക്കുകയും അവരുമായി ഭക്ഷണം പങ്കിടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നിങ്ങളുടെ ഓഫീസിലോ അയൽപക്കത്തോ സ്കൂളിലോ കോളേജിലോ മുസ്ലീങ്ങൾ അന്യമതസ്ഥരുമായി ഭക്ഷണം പങ്കിടുന്നതും അമുസ്ലിംകൾ നൽകുന്ന ഭക്ഷണം കഴിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയുന്നത്. അത്കൊണ്ട്തന്നെ മുസ്ലീങ്ങൾ “പ്രസാദം” കഴിക്കാത്തത് തീർച്ചയായും വിവേചനപരമായതോ അപമാനപരമായതോ അസഹിഷ്ണുതയോടെയുള്ളതോ ആയ ഒരു പ്രവർത്തനമല്ല.

    നിങ്ങൾക്ക് സ്വയം പരിശോധിക്കാം

    മുസ്ലീങ്ങൾക്ക് വഴിപാടല്ലാത്ത മധുരപലഹാരങ്ങളോ ഭക്ഷണമോ നൽകി നോക്കുക. അവർ അത് സന്തോഷത്തോടെ കഴിക്കുകയും അതിന് നന്ദി പറയുകയും ചെയ്യുന്നത് കാണാം. വിവേചനമോ നിങ്ങളെ അപമാനിക്കലോ അസഹിഷ്ണുത കാണിക്കലോ ആണ് ഉദ്ദേശ്യമെങ്കിൽ, അവർ നിങ്ങളിൽ നിന്ന് ഒരു ഭക്ഷണവും സ്വീകരിക്കരുതല്ലോ!. വാസ്തവത്തിൽ മുഹമ്മദ് നബി ആളുകളെ പരസ്പരം സമ്മാനങ്ങൾ നൽകാൻ പ്രോത്സാഹിപ്പിച്ചിരുന്നു. സമ്മാനങ്ങളിൽ തീർച്ചയായും ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുമല്ലോ!

    മുഹമ്മദ് നബി പറഞ്ഞു:

    പരസ്പരം സമ്മാനങ്ങൾ നൽക്കുക. അത് നിങ്ങൾക്കിടയിൽ സ്നേഹം ജനിപ്പിക്കും

    അദാബ് അൽ മുഫ്രദ്

    ഇസ്‌ലാം സാർവത്രിക സാഹോദര്യം പഠിപ്പിക്കുന്നു

    എല്ലാ മനുഷ്യരും ആദ്യ പുരുഷന്റെയും സ്ത്രീയുടെയും (ആദമിന്റെയും ഹവ്വയുടെയും) മക്കളാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആയതിനാൽ എല്ലാ മനുഷ്യരും, അവരുടെ വിശ്വാസം, ദേശീയത, ഭാഷ, നിറം എന്നിവക്കതീതമായി മനുഷ്യത്വത്തിൽ സഹോദരീസഹോദരന്മാരാണ്.

    ദൈവം ഖുർആനിലൂടെ പറയുന്നു:

    ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി പരസ്പരംസൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ ഗോത്രങ്ങളും ഉപ ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.

    ഖുർആൻ അദ്ധ്യായം 49: വചനം 13

    നമ്മൾ പിന്തുടരുന്ന മതവും പ്രത്യയശാസ്ത്രത്തിനുപരിയായി മനുഷ്യത്വത്തിൽ നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്ന് ഈ വചനം വളരെ വ്യക്തമാക്കുന്നതായി നിങ്ങൾക്ക് കാണാം. ജനങ്ങൾക്കിടയിലുള്ള വിവേചനത്തിന് ഇസ്ലാമിൽ തീർത്തും ഒരു ഇടമില്ലെന്ന് ഇതിലൂടെ മനസ്സിലാക്കാം.

    മുഹമ്മദ് നബി പറഞ്ഞു:

    അറബിക്ക് അനറബിയെക്കാളും അനറബിക്ക് അറബിയെക്കാളും യാതൊരു ശ്രേഷ്ഠതയുമില്ല. വെളുത്തവൻ കറുത്തവനേക്കൾ ശ്രേഷ്ഠനല്ല, കറുത്തവൻ വെളുത്തവനേക്കാൾ ശ്രേഷ്ഠനുമല്ല. ശ്രേഷ്ഠത ലഭിക്കുന്നത് സത്സ്വഭാവത്തിലൂടെ മാത്രമാണ്.

    മുസ്‌നദ് അഹമ്മദ്

    എല്ലാ മനുഷ്യരും തുല്യരായി ജനിക്കുന്നുവെന്നും ജന്മം കൊണ്ട് ആരും ഉയർന്നവരല്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഒരു വ്യക്തിക്ക് ശ്രേഷ്ഠനും ഉന്നതനുമാകാനുള്ള ഒരേയൊരു മാർഗ്ഗം അവരുടെ സത്പ്രവർത്തനം മാത്രമാണ്. താഴ്‌ന്നവരായി കരുതുന്ന ആളുകൾ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന ആളുകളെക്കുറിച്ചുള്ള വാർത്തകൾ പതിവായി കാണുമ്പോൾ മുകളിൽ പറഞ്ഞ പാഠം നാം ജീവിക്കുന്ന ഈ കാലഘട്ടത്തിന് എത്ര പ്രസക്തമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഓർക്കുക, ഇത് സാധാരണ ഭക്ഷണത്തിന്റെ കാര്യം മാത്രമാണ്, ഒരു ആരാധനാ മൂർത്തിക്കുള്ള വഴിപാടിന്റെ കാര്യമല്ല. സാധാരണ ഭക്ഷണത്തിന്റെ കാര്യമാണ് ഇങ്ങനെയെങ്കിൽ, ഒരു ദേവന് നേർന്നത് ഇക്കൂട്ടർക് നൽകിയാൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ. എല്ലാ മനുഷ്യരും തുല്യരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത് കൊണ്ട് തന്നെ ഒരു യഥാർത്ഥ മുസ്‌ലിമിന് ഒരിക്കലും ഇത്തരം വിവേചനപരമായ വ്യവഹാരം സ്വീകരിക്കാൻ കഴിയില്ല.

    ഉപസംഹാരം

    1. മുസ്‌ലിംകൾ അവരുടെ വിശ്വാസപരമായ നിലപാട് കാരണം “പ്രസാദം” കഴിക്കാറില്ല. മാംസാഹാരം കഴിക്കാൻ വിസമ്മതിക്കുന്ന സസ്യാഹാരികളുടെ പ്രത്യയശാസ്ത്ര നിലപാടുമായി ഇതിന് വളരെ സാമ്യമുണ്ട്.
    2. സസ്യഭുക്കുകൾക്ക് നൽകുന്ന പരിഗണനയും അവരുടെ ആശയനിലപാടുകളെ അളക്കുന്ന അളവുകോലും മുസ്ലീങ്ങളുടെ കാര്യത്തിലും ബാധകമാകണം.
    3. ഇസ്‌ലാം സാർവത്രിക സാഹോദര്യം പഠിപ്പിക്കുകയും എല്ലാ മനുഷ്യരെയും തുല്യരായി കാണുകയും ചെയ്യുന്നു. അതിനാൽ ഇസ്‌ലാമിൽ വിവേചനത്തിന് തീർത്തും ഇടമില്ല.
    4. മുസ്‌ലിംകൾക്ക് അമുസ്‌ലിംകളുമായി ഭക്ഷണം പങ്കിടാനും അവരുടെ ഭക്ഷണം കഴിക്കാനും അനുവാദമുണ്ട്.
    5. മുസ്ലീങ്ങൾ “പ്രസാദം” കഴിക്കാത്തത് വിവേചനമോ അവഹേളനമോ അസഹിഷ്ണുതയോ കൊണ്ടല്ല.
    6. ദർഗകളിൽ വിശുദ്ധർക്ക് അർപ്പിക്കുന്ന വഴിപാടുകൾ പോലും മുസ്ലീങ്ങൾക്ക് കഴിക്കാൻ പാടില്ല. ഉദാഹരണമായി അജ്മീർ ദർഗയിലെ സർദ.

    താഴെകാണുന്ന ലേഖനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം

    WHAT OTHERS ARE READING

    Most Popular