More

    Choose Your Language

    ഗ്രഹണത്തിലെ അത്ഭുതകരമായ ദൃഷ്ടാന്തം നിങ്ങളെ സ്‌തബ്‌ധനാക്കും

    എന്താണ് ഗ്രഹണത്തിലിത്ര അത്ഭുതം? പ്രപഞ്ചത്തിലെ കുറ്റമറ്റ ക്രമത്തെയും ഗണിതശാസ്ത്ര കൃത്യതയെയും കുറിച്ച് ഗ്രഹണങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു ദൈവിക ശക്തിക്ക് മാത്രമേ ഈ ക്രമവും കൃത്യതയും സൃഷ്ടിക്കാനും ക്രമീകരിക്കാനും കഴിയൂ.

    ഗ്രഹണം – ദൈവത്തിൽ നിന്നുള്ള ഒരു അടയാളം

    ആമുഖം

    എന്താണ് ഗ്രഹണത്തിലിത്ര അത്ഭുതം? അത് എന്തുകൊണ്ടാണ് ദൈവത്തിൽ നിന്നുള്ള ഒരു അടയാളം എന്ന് പറയാൻ കാരണം?

    ഗ്രഹണത്തെ കുറിച്ച് മുഹമ്മദ് നബി(സ) പറഞ്ഞു:

    സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ദൈവത്തിന്റെ രണ്ട് അടയാളങ്ങളാണ്. സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നതിന് ഒരാളുടെ മരണമോ ജനനമോ ഹേതുവാകുന്നില്ല. ആയതിനാൽ ഗ്രഹണം കാണുമ്പോൾ നിങ്ങൾ ദൈവത്തെ ഓർക്കുക.

    സഹീഹ് ബുഖാരി

    പ്രവാചക വചനം ശ്രദ്ധാപൂർവം വായിച്ചാൽ പ്രധാനപ്പെട്ട രണ്ട് ചോദ്യങ്ങൾ നമുക്ക് ഉണ്ടാവാം.

    1. എന്താണ് ഗ്രഹണത്തിലെ അത്ഭുതം?
    2. എന്തിനാണ് മുഹമ്മദ് നബി (സ) പറഞ്ഞത് “ആരുടെയെങ്കിലും മരണമോ ജനനമോ കാരണം സൂര്യനും ചന്ദ്രനും ഗ്രഹണം സംഭവിക്കുന്നില്ല.”

    മുകളിലുള്ള രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്.

    സൂര്യഗ്രഹണം

    എങ്ങിനെയാണെന്ന് ഗ്രഹണങ്ങൾ ദൈവത്തിൽ നിന്നുള്ള അത്ഭുതകരമായ അടയാളങ്ങളാവുന്നത്? ഇത് മനസ്സിലാക്കാൻ നമുക്ക് സൂര്യഗ്രഹണത്തിൽ നിന്ന് തുടങ്ങാം.

    സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുകയും അത് സൂര്യനിൽ നിന്നുള്ള പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

    സൂര്യഗ്രഹണം

    സൂര്യനെയും ചന്ദ്രനെയും അടുത്തടുത്ത് വെച്ചാൽ വലിയ സൂര്യന്റെ മുന്നിൽ ചന്ദ്രൻ ഒരു ചെറിയ ഗോലി പോലെ തോന്നാം. അപ്പോൾ എങ്ങനെയാണ് വലിപ്പം കുറഞ്ഞ ചന്ദ്രന് ഭീമാകാരമായ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായും തടയാൻ കഴിയുന്നത്? ഇവിടെയാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്ന അത്ഭുതകരമായ അടയാളം നമുക്ക് കാണാൻ സാധിക്കുന്നത്.

    സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം

    ജ്യോതിശാസ്ത്രത്തിലെ അടിസ്ഥാനകാര്യങ്ങൾ

    ഗ്രഹണത്തിലെ അത്ഭുതകരമായ അടയാളം പഠിക്കുന്നതിനുമുമ്പ് ജ്യോതിശാസ്ത്രത്തിലെ ചില അടിസ്ഥാനകാര്യങ്ങൾ നമുക്കൊന്ന് വേഗത്തിൽ ഓർത്തെടുക്കാം.

    ഏതൊരു വസ്തുവും നമ്മോട്‌ അടുത്തുവരുമ്പോൾ അവ ദൂരെയുള്ള വസ്തുക്കളേക്കാൾ വലുതായി നമുക്ക് കാണപ്പെടുന്നു. ഉദാഹരണത്തിന്, ആകാശത്തിലെ മിക്ക നക്ഷത്രങ്ങളും ചെറിയ വെളുത്ത കുത്തുകൾ പോലെ രാത്രിയിൽ നമുക്ക് കാണപ്പെടുന്നു. വാസ്തവത്തിൽ ഈ നക്ഷത്രങ്ങളിൽ പലതും നമ്മുടെ സൂര്യനേക്കാൾ വലുതാണ്. ഭൂമിയിൽ നിന്ന് വളരെ അകലെയായതിനാൽ അവ വളരെ ചെറുതായി കാണപ്പെടുന്നു എന്നു മാത്രം!

    Sun and the bigger stars Curious Hats
    സൂര്യനും വലിയ നക്ഷത്രങ്ങളും

    എന്താണ് ഗ്രഹണത്തിലെ അത്ഭുതം?

    സൗരയൂഥത്തിലെ അത്ഭുതകരമായ കൃത്യതയും ക്രമവും

    ഇനി നമുക്ക് സൂര്യഗ്രഹണത്തിലേക്ക് തിരിച്ചുവരാം. സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം താരതമ്യം ചെയ്യുകയാണെങ്കിൽ ചന്ദ്രൻ സൂര്യനേക്കാൾ 400 മടങ്ങ് ചെറുതാണെന്ന് നമുക്ക് മനസ്സിലാവും.

    400 times smaller - Curious Hats
    ചന്ദ്രൻ സൂര്യനേക്കാൾ 400 മടങ്ങ് ചെറുതാണ്

    അതിശയിപ്പിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ചന്ദ്രൻ ഭൂമിയോട് സൂര്യനേക്കാൾ 400 മടങ്ങ് അടുത്താണ് എന്നുള്ളതാണ്. അതുകൊണ്ടാണ് സൂര്യനും ചന്ദ്രനും ആകാശത്ത് ഒരേ വലിപ്പത്തിൽ നമുക്ക് കാണപ്പെടുന്നത്.

    400 times closer to earth - Curious Hats
    ചന്ദ്രൻ സൂര്യനേക്കാൾ 400 മടങ്ങ് ചെറുതാണ്

    സൂര്യനു മുന്നിൽ ഒരു ചെറിയ മാർബിൾ പോലെ കാണപ്പെടുന്ന ചന്ദ്രന് ഭീമാകാരമായ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായും തടയാൻ കഴിയുന്നത് ഇതുകൊണ്ടാണ്. അതിലും അതിശയകരമായ കാര്യം എന്താണെന്നാൽ ഈ പ്രതിഭാസം നമ്മുടെ ഭൂമിക്കും ചന്ദ്രനും മാത്രമുള്ളതാണ് എന്നതാണ്. സൗരയൂഥത്തിലെ മറ്റൊരു ഗ്രഹ-ചന്ദ്ര കൂട്ടുകെട്ടിലും ഈ പ്രതിഭാസം സംജാതമാവുന്നില്ല.

    സ്ഫോടനങ്ങൾക്ക് കുറ്റമറ്റ ക്രമം നൽകാൻ കഴിയുമോ?

    നൂറുകോടിയിലധികം താരാപഥങ്ങളും നക്ഷത്രങ്ങളും സൃഷ്ടിച്ച മഹാവിസ്ഫോടനത്തിന് (ബിഗ്ബാങിന്) ഈ അവിശ്വസനീയമായ ക്രമവും അതിശയിപ്പിക്കുന്ന കൃത്യതയും സ്വന്തമായി സൃഷ്ടിക്കാൻ കഴിയുമോ?

    ഇല്ല എന്നാണുത്തരം. കാരണം സ്‌ഫോടനങ്ങൾ നാശത്തിനും അവ്യവസ്ഥക്കും കാരണമാകുമെന്നും അവ ഗണിതശാസ്ത്രപരമായ കൃത്യതയോടെയുള്ള ക്രമവും രൂപകൽപ്പനയും ഒരിക്കലും കൊണ്ടുവരില്ലെന്നും നമുക്കെല്ലാവർക്കും അറിയാം!

    എന്തുകൊണ്ടാണ് മുഹമ്മദ് നബി ഗ്രഹണത്തെ ദൈവത്തിന്റെ അടയാളമെന്ന് വിളിച്ചത്?

    പ്രപഞ്ചത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധ്യമായ അവിശ്വസനീയമായ രൂപകൽപ്പന, ക്രമം, കൃത്യത എന്നിവയെക്കുറിച്ച് ഗ്രഹണം നമ്മെ ഓർമ്മിപ്പിക്കുന്നതിനാലാണ് പ്രവാചകൻ മുഹമ്മദ് (സ) ഗ്രഹണങ്ങളെ ദൈവത്തിന്റെ അടയാളങ്ങൾ എന്ന് വിളിച്ചത്.

    “ഒരു വ്യക്തിയുടെ മരണമോ ജനനമോ ഗ്രഹണത്തിന് കാരണമാവുന്നില്ല” എന്ന് മുഹമ്മദ് നബി പറഞ്ഞത് എന്തുകൊണ്ട്?

    മുഹമ്മദ് നബിയുടെ രണ്ട് വയസ്സുള്ള മകൻ മരിച്ച ദിവസം ഒരു ഗ്രഹണം ഉണ്ടായി. ‘മുഹമ്മദ് നബിയുടെ മകന്റെ മരണം കൊണ്ടാണ് ഗ്രഹണം ഉണ്ടായത്’ എന്ന് ആളുകൾ പറഞ്ഞു തുടങ്ങി.

    ഇതറിഞ്ഞ മുഹമ്മദ് നബി ഗ്രഹണം ഒരു വ്യക്തിയുടെ മരണമോ ജനനമോ മൂലമല്ല സംഭവിക്കുന്നതന്ന് വ്യക്തമാക്കി. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം ഗ്രഹണത്തെക്കുറിച്ചും മകന്റെ മരണത്തെക്കുറിച്ചുമുള്ള ആളുകളുടെ പരാമർശങ്ങളെ മുഹമ്മദ് നബിക്ക് തിരുത്തേണ്ട ബാധ്യതയുണ്ടായിരുന്നില്ല. അദ്ദേഹം മൗനംപാലിച്ചിരുന്നുവെങ്കിൽ പ്രവാചകപുത്രന്റെ മരണം മൂലമാണ് ഗ്രഹണം സംഭവിച്ചതെന്ന് എല്ലാവരും വിശ്വസിക്കുമായിരുന്നു. ഇത് അദ്ദേഹത്തിന് കൂടുതൽ അനുയായികളേയും കൂടുതൽ ഉയർന്ന പദവിയെയും നേടിക്കൊടുക്കുമായിരുന്നു. പക്ഷേ പ്രവാചകൻ അത് ചെയ്തില്ല എന്ന് മാത്രമല്ല, തന്റെ മകന്റെ മരണം കൊണ്ടല്ല ഗ്രഹണം സംഭവിച്ചതെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

    തങ്ങൾക്ക് അനുകൂലമായി നുണകൾ പ്രചരിപ്പിക്കുന്ന ആത്മീയ നേതാക്കളുടെ നടപടികളുമായി പ്രവാചകന്റെ ഈ പ്രവൃത്തിയെ താരതമ്യം ചെയ്യുക. പ്രവാചകന്റെ സത്യസന്ധതയെയും കളങ്കമില്ലായ്മയെയും കുറിച്ച് ചിന്തിക്കുമ്പോൾ അദ്ദേഹം തീർച്ചയായും ദൈവത്തിന്റെ പ്രവാചകനാണെന്നും അദ്ദേഹത്തിന് ഗൂഢലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വളരെ വ്യക്തമാണ്.

    ഉപസംഹാരം

    1. പ്രപഞ്ചത്തിലെ കുറ്റമറ്റ ക്രമത്തെയും ഗണിതശാസ്ത്ര കൃത്യതയെയും കുറിച്ച് ഗ്രഹണങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
    2. മഹാവിസ്ഫോടനം (ബിഗ്ബാങ്) പോലെയുള്ള ക്രമരഹിതമായ ഒരു സ്ഫോടനത്തിന്റെ ഫലമായി ഈ ക്രമവും കൃത്യതയും നിലവിൽ വരാൻ ഒരു സാധ്യതയുമില്ല.
    3. ഒരു ദൈവിക ശക്തിക്ക് മാത്രമേ ഈ ക്രമവും കൃത്യതയും സൃഷ്ടിക്കാനും ക്രമീകരിക്കാനും കഴിയൂ. ഗ്രഹണങ്ങൾ ദൈവത്തെ ഓർമ്മിപ്പിക്കുന്നതിനാൽ അവ ദൈവത്തിൽ നിന്നുള്ള അടയാളങ്ങളാണ്.
    4. ആരുടേയും മരണമോ ജനനമോ ഗ്രഹണത്തിന് ഹേതുവാകുന്നില്ല എന്ന് വ്യക്തമാക്കി മുഹമ്മദ് നബി പുറപ്പെടുവിച്ച പ്രസ്താവന അദ്ദേഹത്തിന്റെ സത്യസന്ധതയെയും കളങ്കമില്ലായ്മയെയും വെളിവാക്കുന്നതാണ്.

    നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാവുന്ന ലേഖനങ്ങൾ

    ഒരു വചനം, നാല് അത്ഭുത അടയാളങ്ങൾ

    ഖുർആൻ ഹിന്ദുക്കളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ടോ?

    ആരാണ് അല്ലാഹു?

    ഒരു ദൈവമോ അതോ അനേകം ദൈവങ്ങളോ?

    WHAT OTHERS ARE READING

    Most Popular