“ഒരു ദൈവമോ അനേകം ദൈവങ്ങളോ?” എന്ന ചോദ്യത്തിനുള്ള വളരെ ലളിതമായ ഉത്തരം “ഒരു ദൈവം” എന്നാണ്. “എന്തുകൊണ്ട് അങ്ങനെ?” എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നമുക്ക് പരിശോധിക്കാം.
രണ്ട് ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ…
രണ്ടു ദൈവങ്ങൾ എന്ന ബഹുദൈവാരാധനയുടെ ഏറ്റവും ലളിതമായ അവസ്ഥ നമുക്ക് എടുക്കാം. ഈ രണ്ട് ദൈവങ്ങളും ഏതെങ്കിലും ഒരു വിഷയത്തിൽ തീരുമാനമെടുക്കുകയാണെങ്കിൽ ഇനിപ്പറയുന്ന മൂന്ന് സാഹചര്യങ്ങളിലൊന്ന് ഉടലെടുക്കും.
സാഹചര്യം 1: രണ്ട് ദൈവങ്ങളും പ്രസ്തുത വിഷയത്തിൽ “വിയോജിക്കുന്നു”.
ഒരു വിഷയത്തിൽ രണ്ട് ദൈവങ്ങളും വിയോജിക്കുമ്പോൾ ആ വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യവും നടക്കുകയില്ല.
പ്രപഞ്ചത്തിന്റെ സൃഷ്ടിയെ സംബന്ധിച്ച് ഈ ദൈവങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിൽ പ്രപഞ്ചം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന ഒരു ലളിതമായ പ്രശ്നം പോലും അവരുടെ അഭിപ്രായവ്യത്യാസത്തിനും അതുവഴി കുഴപ്പങ്ങൾക്കും കാരണമായേനെ.
ഉദാഹരണത്തിന്, ഒരു ഹിന്ദുവും മുസ്ലീമും ഒരു പോസ്റ്റ് മാത്രമുള്ള ജോലി ഒഴിവിലേക്ക് അഭിമുഖത്തിന് പോകുന്നു. ജോലിക്കായി ഇരുവരും തങ്ങളുടെ ദൈവങ്ങളോട് പ്രാർത്ഥിക്കുന്നു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും തങ്ങളുടേതായ വ്യത്യസ്ത ദൈവമുണ്ടെങ്കിൽ ഏത് ദൈവമാണ് ജോലി നൽകുന്നത്? ആർക്കാണ് ജോലി നൽകുന്നത്? ഹിന്ദു ദൈവം ഹിന്ദുവിന് ജോലി നൽകാനും മുസ്ലീം ദൈവം മുസ്ലീമിന് ജോലി നൽകാനും തീരുമാനിച്ചാൽ രണ്ട് ദൈവങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവും. അങ്ങിനെയായാൽ ആർക്കും ജോലി ലഭിക്കില്ല.
ലോകത്ത് വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ കണക്കറ്റ പ്രാർത്ഥനകൾ നടത്തുന്നുണ്ട്. അനേകം ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആ ദൈവങ്ങൾക്കിടയിൽ കോടിക്കണക്കിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമായിരുന്നു. അത് സമ്പൂർണ്ണ അരാജകത്വത്തിലേക്കും നാശത്തിലേക്കും നയിക്കുമായിരുന്നു.
ദൈവം ഖുർആനിലൂടെ പറയുന്നു:
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!
അദ്ധ്യായം 21: വചനം 22
സാഹചര്യം 2: രണ്ട് ദൈവങ്ങളും എല്ലായ്പ്പോഴും പ്രശ്നങ്ങളിൽ “യോജിക്കുന്നു”.
രണ്ട് ദൈവങ്ങളും എല്ലായ്‌പ്പോഴും എല്ലാ പ്രശ്‌നങ്ങളിലും യോജിപ്പുണ്ടെന്നാണെങ്കിൽ നമുക്ക് രണ്ട് ദൈവങ്ങളുടെ ആവശ്യകത എന്താണ്? ഉദാഹരണത്തിന് ഒരു സ്കൂളിന് എല്ലായ്പോഴും ഒരേ തീരുമാനമെടുക്കുന്ന രണ്ട് ഹെഡ്മാസ്റ്റർമാരുടെ ആവശ്യമുണ്ടോ? രണ്ട് പ്രധാനാധ്യാപകർ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്തതിനാൽ ഒരൊറ്റ ഹെഡ്മാസ്റ്റർ മതിയാകും.
ലോകത്തിൽ നടക്കുന്ന അസംഖ്യം പ്രശ്‌നങ്ങളിൽ മുകളിൽപറഞ്ഞ ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ നോക്കുകയാണെങ്കിൽ വിയോജിപ്പും സംഘർഷവുമില്ലാതെ എല്ലാ ദൈവങ്ങളും എല്ലാ വിഷയങ്ങളിലും യോജിക്കുന്നതായി അനുമാനിക്കേണ്ടി വരും. ഇത് വളരെ അസാധ്യമാണെന്ന് മാത്രമല്ല എല്ലാ വിഷയങ്ങളിലും യോജിക്കുന്ന നിരവധി ദൈവങ്ങളുടെ സാന്നിധ്യം പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാക്കില്ലതാനും.
സാഹചര്യം 3: രണ്ട് ദൈവങ്ങളും വിയോജിക്കുന്നു, ഒരു ദൈവം മറ്റേ ദൈവത്തിന്റെ തീരുമാനത്തിന് “കീഴൊതുങ്ങുന്ന് “.
ദൈവം 2’ ന്റെ തീരുമാനത്തെ ‘ദൈവം 1’ അംഗീകരിക്കുകയും അതിന് കീഴ്‌പ്പെടുകയും ചെയ്യുന്നുവെങ്കിൽ, ദൈവം 2’ കൂടുതൽ ശക്തനും പ്രബലനുമായ ദൈവമാണെന്ന് പറയാതെ വയ്യ. ഇത് ‘ദൈവം 1’ നെ ‘ദൈവം 2’ ന് വിധേയനാക്കുന്നു. ഈ സാഹചര്യം സൂക്ഷ്മമായി പരിശോധിച്ചാൽ ‘ദൈവം 1’ എന്നത് ‘ദൈവം 2’ ന് തുല്യമല്ലെന്നും അതിനാൽ ‘ദൈവം 1’ യഥാർത്ഥ അർത്ഥത്തിൽ ‘ദൈവം’ ആകാൻ സാധ്യതയില്ലെന്നും നമുക്ക് നിഗമനം ചെയ്യാം.
ഈ സാഹചര്യം ബഹുദൈവങ്ങൾ എന്ന ആശയത്തിൽ പ്രയോഗിച്ചാൽ, മറ്റെല്ലാ ദൈവങ്ങളും ഏകദൈവത്തിന്റെ തീരുമാനത്തിന് കീഴടങ്ങുന്നതായി നമുക്ക് കാണാം. അതിനാൽ, “ദൈവങ്ങൾ എന്ന് വിളിക്കപ്പെടുന്നവർ” യഥാർത്ഥത്തിൽ ദൈവങ്ങളല്ല, കാരണം അവർ അധീനപ്പെട്ടവരും ഒരു യഥാർത്ഥ പരമോന്നത ദൈവത്തിന്റെ ഇഷ്ടത്തിന് കീഴ്പ്പെട്ടവരുമാകുന്നു.
ദൈവം ഖുർആനിലൂടെ പറയുന്നു:
ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും.
അദ്ധ്യായം 19: വചനം 93
ഉപസംഹാരം
ഈ പ്രപഞ്ചത്തിന്റെ അസ്തിത്വവും അതിൽ നമുക്ക് നിരീക്ഷിക്കാവുന്ന പൂർണ്ണമായ ക്രമവും അതിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് പരിപാലിക്കുന്ന ഒരേയൊരു ദൈവം മാത്രമേയുള്ളൂ എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവാണ്.
ദൈവം ഖുർആനിലൂടെ പറയുന്നു:
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
അദ്ധ്യായം 2: വചനം 163