More

    Choose Your Language

    ആത്മഹത്യാ ചിന്തകൾ എങ്ങനെ ഒഴിവാക്കാം? നിങ്ങൾക്ക് ജീവിതം മടുത്തെന്ന് തോന്നുണ്ടോ?

    നിങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ മാറ്റം വരുത്തി നിങ്ങളിൽ പ്രത്യാശയും ആശ്വാസവും പകരാൻ ആധുനിക മനഃശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒരു ചികിത്സാരീതിയാണ് കോഗ്നിറ്റീവ് തെറാപ്പി. ഖുർആനിൽ ഈ ചികിത്സാരീതി നമുക്ക് കാണാം. 1400 വർഷങ്ങൾക്ക് മുമ്പ് അവതരിച്ച ഖുർആൻ കോഗ്നിറ്റീവ് തെറാപ്പി ഉപയോഗിച്ചിരുന്നു എന്നത് അതിശയകരമായ ഒരു വസ്തുതയാണ്.

    ഖുർആനിലെ കോഗ്നിറ്റീവ് തെറാപ്പി

    ജീവിതം നിങ്ങൾക്ക് ഒരു ഭാരമായി തോന്നുന്നുണ്ടോ? നിങ്ങൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടോ? നിങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ മോശം കാര്യങ്ങളും ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്നുണ്ടോ? ഈ മോശം ഘട്ടത്തിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആത്മഹത്യാ ചിന്തകൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതെ എങ്കിൽ, ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.

    ഈ ലേഖനത്തിൽ ഖുർആനിലെ 93-ാം അദ്ധ്യായമാണ് നമ്മൾ ചർച്ച ചെയ്യുന്നത്ത്. ഈ അദ്ധ്യായം വിഷാദവും സങ്കടവും അനുഭവിക്കുന്ന എല്ലാവർക്കും പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ്. അത് ആത്മഹത്യാ ചിന്തകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

    പ്രവാചകൻ മുഹമ്മദ് നബിക്ക് തന്റെ ജീവിതത്തിന്റെ ദുഃഖകരമായ ഘട്ടത്തിലാണ് ദൈവം ഖുർആനിലെ ഈ അദ്ധ്യായം വെളിപ്പെടുത്തിക്കൊടുക്കുന്നത്.

    ജീവിതത്തിൽ നല്ലതും ചീത്തയും മാറിമാറി വരുന്നു

    പൂര്‍വ്വാഹ്നം തന്നെയാണ് സത്യം;
    രാത്രി തന്നെയാണ് സത്യം; അത്‌ ശാന്തമാവുമ്പോള്‍

    ഖുർആൻ അദ്ധ്യായം 93 വചനം 1-2

    പ്രഭാതത്തിൽ പ്രത്യക്ഷപ്പെടുന്ന സൂര്യപ്രകാശത്തെയും ഇരുൾമൂടുന്ന രാത്രിയെയും കൊണ്ട് സത്യം ചെയ്യുന്ന വചനങ്ങളോടെയാണ് അദ്ധ്യായം ആരംഭിക്കുന്നത്.

    പകലും രാത്രിയും മാറിമാറി വരുന്നതുപോലെ ജീവിതത്തിൽ നല്ലതും ചീത്തയും മാറിമാറി വരുന്നു. കാലാകാലങ്ങളായി ആരും സുഖം മാത്രം ആസ്വദിച്ചുകൊണ്ടിരിക്കുന്നില്ല അതുപോലെ കാലാകാലങ്ങളായി ആരും കഷ്ടപ്പാടുകൾ മാത്രം അനുഭവിച്ചുകൊണ്ടിരിക്കുന്നുമില്ല. ജീവിതത്തിന്റെ ഈ യാഥാർത്ഥ്യത്തിലേക്കാണ് ഈ വചനങ്ങൾ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

    രാത്രിയുടെ ഇരുട്ടിനു പിന്നാലെ പകലിന്റെ വെളിച്ചം കടന്നുവരുന്നു

    രാത്രിയുടെ അന്ധകാരം അനുഭവിച്ചതിന് ശേഷം പകലിന്റെ വെളിച്ചം നാം എങ്ങനെ കാണുന്നുവോ അതുപോലെ എല്ലാ കഷ്ടപ്പാടുകൾക്കും ശേഷം നിങ്ങൾ സുകൃതം അനുഭവിക്കുക തന്നെ ചെയ്യും. ഓർക്കുക! തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും വെളിച്ചമുണ്ട്.

    ദൈവം നിങ്ങളെ കൈവിട്ടിട്ടില്ല

    പൂര്‍വ്വാഹ്നം തന്നെയാണ് സത്യം;
    നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല

    ഖുർആൻ അദ്ധ്യായം 93 വചനം 3

    നിങ്ങൾ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവം നിങ്ങളെ കൈവിട്ടുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ദൈവം നിങ്ങളെ വെറുക്കുന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് സംശയിച്ചേക്കാം. ദൈവം നിങ്ങളെ കൈവിട്ടിട്ടില്ലെന്നും അവൻ നിങ്ങളെ വെറുക്കുന്നില്ലെന്നും ഉറപ്പിച്ചുപറഞ്ഞു കൊണ്ട് ഈ ദൈവീക വചനം നിങ്ങളെ ആശ്വസിപ്പിക്കുന്നു.

    ദുഷ്‌കരമായ സമയങ്ങൾ താൽക്കാലികമാണ്

    ഈ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും താൽക്കാലികമാണെന്ന് അടുത്ത രണ്ട് വചനങ്ങൾ നിങ്ങളോട് വിളിച്ചുപറയുന്നു.

    ഭാവിയിൽ വരാനിരിക്കുന്നവ ഭൂതകാലത്തേക്കാൾ നിങ്ങൾക്ക് മികച്ചതായിരിക്കും. വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.

    ഖുർആൻ അദ്ധ്യായം 93 വചനം 4-5

    നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുനോക്കുക. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ അനുഭവിച്ച എല്ലാ പ്രയാസങ്ങളും നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരിക. ഈ പ്രയാസങ്ങളെല്ലാം നിങ്ങൾ എങ്ങനെ വിജയകരമായി തരണം ചെയ്തുവെന്ന് ചിന്തിച്ചുനോക്കൂ. നിങ്ങൾ തീർച്ചയായും ഈ പ്രയാസവും തരണം ചെയ്യുമെന്നും ഒരു മഹത്തായ ഭാവി കൈവരിക്കുമെന്നും ഈ വചനങ്ങൾ നിങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.

    ദൈവം നിങ്ങളെ സഹായിച്ചിരുന്നു

    നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും, എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.

    ഖുർആൻ അദ്ധ്യായം 93 വചനം 6-8

    കുട്ടിക്കാലം മുതൽ ദൈവം നിങ്ങളെ പല തരത്തിൽ സഹായിച്ചിട്ടുണ്ട്. ദൈവത്തിന്റെ സഹായവും കാരുണ്യവും ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും ഇത്രയും ദൂരം എത്താൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. പണ്ട് നിങ്ങളെ പലതരത്തിൽ സഹായിച്ച ദൈവം ഇപ്പോൾ നിങ്ങളെ സഹായിക്കില്ലെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണെന്ന് അടുത്ത മൂന്ന് വചനങ്ങളിലൂടെ ദൈവം നിങ്ങളോട് ചോദിക്കുന്നു. ദൈവത്തിലുള്ള പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടുത്തരുത്!കഴിഞ്ഞകാലങ്ങളിൽ ദൈവം നിങ്ങളെ സഹായിച്ച വിവിധ വഴികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയാൽ നിങ്ങൾക്ക് ആത്മഹത്യാ ചിന്തകൾ ഒഴിവാക്കാനും വിഷാദത്തിൽ നിന്ന് പുറത്തുവരാനും കഴിയും.

    കോടിക്കണക്കിന് ആളുകൾ കഷ്ടപ്പെടുന്നു

    അതിനാൽ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌. ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

    ഖുർആൻ അദ്ധ്യായം 93 വചനം 9-11

    നിങ്ങളേക്കാൾ മോശമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കോടിക്കണക്കിന് ആളുകൾ ലോകത്തിലുണ്ട്. പലർക്കും വീട് പോലുമില്ല. പലർക്കും കഴിക്കാൻ ഭക്ഷണം കിട്ടുന്നില്ല. വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. പലരും വിരലൊന്നുയർത്താൻ പോലും കഴിയാത്തരീതിയിൽ കിടപ്പിലായവരാണ്. നിങ്ങളുടെ കഷ്ടപ്പാടുകൾ മറ്റുള്ളവരുടെ കഷ്ടപ്പാടുകളുമായി ഒന്ന് താരതമ്യം ചെയ്യുക.

    നിങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും മറ്റുള്ളവരുടെ പ്രയാസങ്ങളെ താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ പ്രയാസങ്ങൾ ഒന്നുമല്ലെന്ന് നിങ്ങൾക്ക് മനസ്സിലാവും. ഈ അദ്ധ്യായത്തിലെ അവസാനത്തെ മൂന്ന് വചനങ്ങൾ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. കൂടാതെ ആവശ്യമുള്ളവരെ സഹായിച്ചുകൊണ്ട് നിങ്ങൾ ദൈവത്തിന് നന്ദി കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

    നിങ്ങൾ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയേയില്ല. ഈ സമയം മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ ഖുർആൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇതിലൂടെ പെരുമാറ്റത്തിൽ വ്യത്യാസം വരുകയും വിഷാദരോഗിയിലും ആത്മഹത്യചെയ്യാൻ ആലോചിക്കുന്നവരിലും അത്ഭുതാവഹമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.

    ഞാൻ ചിന്തിക്കുന്ന രീതിയിൽ മാറ്റം വരുത്തിയാൽ അല്ലെങ്കിൽ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ എന്റെ വിഷാദരോഗം എങ്ങിനെ സുഖമാവും എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. “കോഗ്നിറ്റീവ് തെറാപ്പി”യെപ്പറ്റി നിങ്ങൾ മനസ്സിലാക്കുമ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്നതാണ്.

    കോഗ്നിറ്റീവ് തെറാപ്പി

    അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ വെബ്സൈറ്റിൽ നിന്നുള്ള ഒരു ലേഖനം പറയുന്നു:

    വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ, മദ്യം മയക്കുമരുന്ന് ഉപയോഗ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, ഭക്ഷണ ക്രമക്കേടുകൾ, കഠിനമായ മറ്റു മാനസിക രോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒരു മാനസിക ചികിത്സാരീതിയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT).

    റഫറൻസ്: അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ

    കോഗ്നിറ്റീവ് തെറാപ്പിയിൽ അവർ എന്താണ് ചെയ്യുന്നത്?

    രോഗികളുടെ ചിന്താ രീതി മാറ്റാനുള്ള ശ്രമങ്ങളാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയെന്ന ഈ ചികിത്സരീതിയിലെ പ്രധാന ഘടകം. ഇതിൽ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഇവയാണ്:

    1. രോഗിയുടെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന ചിന്താവികലതകൾ തിരിച്ചറിയുക. തുടർന്ന് യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ അവയെ വിലയിരുത്തുക.
    2. രോഗിയുടെ പെരുമാറ്റത്തെക്കുറിച്ചും പ്രചോദനത്തെക്കുറിച്ചും നന്നായി മനസ്സിലാക്കുന്നു.
    3. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടാൻ പ്രശ്നപരിഹാര കഴിവുകൾ ഉപയോഗിക്കാനാവശ്യപ്പെടുന്നു.
    4. സ്വന്തം കഴിവുകളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ പഠിപ്പിക്കുന്നു.

    കോഗ്നിറ്റീവ് തെറാപ്പി (CBT) എത്രത്തോളം ഫലപ്രദമാണ്?

    ലേഖനം ഇങ്ങനെ പറയുന്നു:

    നിരവധി ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നത് ദൈനം ദിന പ്രവർത്തനങ്ങളിലും ജീവിത നിലവാരത്തിലും കാര്യമായ പുരോഗതി കൈവരികക്കാൻ CBT സഹായിക്കുന്നു എന്നാണ്. മറ്റ് രീതിയിലുള്ള സൈക്കോളജിക്കൽ തെറാപ്പി അല്ലെങ്കിൽ സൈക്യാട്രിക് മരുന്നുകൾ പോലെ അല്ലെങ്കിൽ അതിലും ഫലപ്രദമാണ് CBT എന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

    റഫറൻസ്: അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ

    തീർച്ചയായും, ധാരാളം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വളരെ ഫലപ്രദമായ ഒരു ചികിത്സാ രീതിയാണ് CBT. ഇക്കാര്യം കൊണ്ട് തന്നെ CBT മറ്റ് പല തരത്തിലുള്ള മാനസിക ചികിത്സകളിൽ നിന്നും വ്യത്യസ്തമാണ്.

    റഫറൻസ്: അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ

    ഖുർആൻ കോഗ്നിറ്റീവ് തെറാപ്പി ഉപയോഗിക്കുന്നു

    ഖുർആനിലെ ഈ അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്ന രീതിശാസ്ത്രത്തെക്കുറിച്ച് നിങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ഖുർആൻ കോഗ്നിറ്റീവ് തെറാപ്പി ഉപയോഗിക്കുന്നതായി കാണാം. അപരനെ സഹായിക്കുന്നരീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് ഖുർആൻ നിങ്ങളിൽ ഒരു പെരുമാറ്റ വ്യത്യാസം അവതരിപ്പിക്കുന്നതും നിങ്ങൾക്ക് കാണാം.

    1400 വർഷങ്ങൾക്ക് മുമ്പ് അവതരിച്ച ഖുർആൻ ആധുനിക കാലത്തെ മനോരോഗ വിദഗ്ധർ സ്വീകരിക്കുന്ന കോഗ്നിറ്റീവ് തെറാപ്പി എന്ന ചികിത്സാരീതി എങ്ങനെ ഉപയോഗിച്ചിരുന്നു എന്നത് അതിശയകരമായ ഒരു വസ്തുതയാണ്.

    ആത്മഹത്യാ ചിന്തകൾ ഒഴിവാക്കുക, വിഷാദത്തിൽ നിന്ന് കരകയറുക

    ഖുർആൻ നിർദേശിക്കുന്ന രീതിയിൽ ചിന്താ പ്രക്രിയയിലും പെരുമാറ്റത്തിലും മാറ്റം വരുത്തുന്നതിലൂടെ ഒരാൾക്ക് അവരുടെ വിഷാദരോഗത്തിൽ നിന്ന് പുറത്തുവരാനും ആത്മഹത്യാ ചിന്തകൾ ഒഴിവാക്കാനും കഴിയും എന്നതിൽ സംശയമില്ല.

    എന്താണ് ഖുർആൻ?

    അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അവതരിച്ച ദൈവത്തിൽ നിന്നുള്ള അവസാനത്തെ വേദഗ്രന്ഥമാണ് ഖുർആൻ എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. മുഴുവൻ ഖുർആനും ദൈവത്തിന്റെ വചനമാണ്. അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യരാശിക്ക് മാർഗനിർദേശം നൽകുന്ന ഗ്രന്ഥമാണ്.

    ഓ മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.)

    ഖുർആൻ അദ്ധ്യായം 10 വചനം 57

    എന്തുകൊണ്ടാണ് നല്ല ആളുകൾ കഷ്ടപ്പെടുന്നത്? എന്തുകൊണ്ടാണ് മോശം ആളുകൾ ശിക്ഷിക്കപ്പെടാത്തത്? സ്വർഗ്ഗവും നരകവും യഥാർത്ഥമാണോ? ഈ ചോദ്യങ്ങൾക്കുള്ള ഖുർആനിന്റെ ഉത്തരങ്ങൾ അറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ https://quran.com/ സന്ദർശിച്ചുകൊണ്ട് നിങ്ങൾക്ക് ഖുർആനിന്റെ ഓൺലൈൻ ഇംഗ്ലീഷ് പരിഭാഷ വായിക്കാവുന്നതാണ് .


    താഴെകാണുന്ന ലേഖനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം

    WHAT OTHERS ARE READING

    Most Popular