More

    Choose Your Language

    സമാധാനവും ഐക്യവും എങ്ങനെ കൈവരിക്കാം? മദീനയുടെ ഭരണഘടനയിൽ നിന്നുള്ള പ്രതിഫലനം

    പ്രവാചകൻ മുഹമ്മദ് മദീനയിലെ വിവിധ ഗോത്രങ്ങളുമായി ഉണ്ടാക്കിയ കരാറിനെയാണ് "മദീനയുടെ ഭരണഘടന" എന്ന പേരിൽ അറിയപ്പെടുന്നത്. മദീനയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ സമത്വം, നീതി, മതസ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 1400-ലധികം വർഷങ്ങൾക്ക് ശേഷവും "മദീനയുടെ ഭരണഘടന" യിൽ നിന്നുള്ള തത്വങ്ങൾ തികച്ചും കാലികപ്രസക്തമാണ്. പ്രത്യേകിച്ച് മത-സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങളുള്ള രാജ്യമായ ഇന്ത്യയിൽ സമത്വവും സമാധാനവും ഐക്യവും കൈവരിക്കുന്നതിന് ഈ ഭരണഘടനയിലെ തത്വങ്ങളുടെ പഠനം പ്രസക്‌തിയേറിയതാണ്.

    സമത്വം, നീതി, മതസ്വാതന്ത്ര്യം – മദീനയുടെ ഭരണഘടന

    ആമുഖം

    വിവിധ മതങ്ങളിലും ജാതികളിലുംപെട്ട വ്യത്യസ്ത സംസ്‌കാരങ്ങളുള്ള വിഭിന്ന ഭാഷകൾ സംസാരിക്കുന്നവരുടെ നാടാണ് ഇന്ത്യ. നമുക്കിടയിൽ സമാധാനം, സഹിഷ്ണുത, ഐക്യം എന്നിവയുടെ ആവശ്യകതയെപ്പറ്റി പറയേണ്ടകാര്യമില്ലല്ലോ. നാനാത്വത്തിൽ ഏകത്വം കൈവരിക്കുക എന്നത് ബഹുസ്വര സമൂഹത്തിന്റെ വലിയ ഒരു വെല്ലുവിളിയാണ്.

    ഒരു ബഹുസ്വര സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ പ്രവാചകൻ മുഹമ്മദ് എങ്ങനെ സമാധാനവും ഐക്യവും വിജയകരമായി സ്ഥാപിച്ചുവെന്ന് കാണിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള അതിശയകരമായ ഒരു കാര്യമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

    പശ്ചാത്തലം

    മുഹമ്മദ് നബി ജനിച്ചത് മക്കയിലാണ്. അദ്ദേഹം വളരെ ആദരണീയനായ ഒരു മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ സത്യസന്ധതയും സത്സ്വഭാവവും കാരണം ആളുകൾ അദ്ദേഹത്തെ വിശ്വസ്തൻ എന്നർത്ഥം വരുന്ന “അൽ-അമീൻ” എന്നാണ് വിളിച്ചിരുന്നത്. എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് ഒരു ദൈവമാണെന്നും, ഈ ലോകത്ത് നാം ചെയ്യുന്ന കാര്യങ്ങൾക്ക് നാം ഉത്തരവാദികളാണെന്നും വംശ-നിറ ഭേദമന്യേ എല്ലാവരും തുല്യരാണെന്നും പ്രവാചകൻ മുഹമ്മദ്‌ തന്റെ 40-ാം വയസ്സിൽ പ്രബോധനം തുടങ്ങുന്നു. ജന്മം കൊണ്ടും വംശപരമ്പര കൊണ്ടും ശ്രേഷ്ഠതയുണ്ടെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ അടിച്ചമർത്തുന്ന മക്കയിലെ പ്രമാണിമാർക്ക് മുഹമ്മദ് നബി പ്രബോധനം ചെയ്ത സമത്വ സന്ദേശം ഭീഷണിയായിത്തോന്നി. അവർ മുഹമ്മദ് നബിയെയും അനുയായികളെയും പീഡിപ്പിക്കാൻ തുടങ്ങി. ഈ കടുത്ത പീഡനം കാരണം മുഹമ്മദ് നബി മദീന എന്ന നഗരത്തിലേക്ക് പാലായനം ചെയ്തു.

    Mecca to Medina - Curious Hats
    മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാസം

    മദീന

    മദീന ഒരു ബഹുസ്വര സമൂഹമായിരുന്നു. വിഗ്രഹാരാധനയിലടിസ്ഥാനമായ വ്യത്യസ്ത മതങ്ങളുടെ അനുയായികളും ജൂതമതം പിന്തുടരുന്ന വിവിധ ഗോത്രങ്ങളുമാണ് മദീനയിൽ അന്ന് ഉണ്ടായിരുന്നത്. ജൂത ഗോത്രങ്ങളിൽ ചിലത് വിഗ്രഹാരാധകരായ ചില ഗോത്രങ്ങളുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. മറ്റ് ജൂത ഗോത്രങ്ങൾ ബാക്കിയുള്ള വിഗ്രഹാരാധകരായ ഗോത്രങ്ങളുമായും സഖ്യമുണ്ടാക്കി. ഈ ഗോത്രങ്ങൾ നിരവധി നൂറ്റാണ്ടുകളായി പരസ്പരം പോരടിക്കുകയും അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നവരായിരുന്നു .

    Pluralistic Society - Curious Hats
    മദീനയിലെ ബഹുസ്വര സമൂഹം

    മദീനയുടെ ഭരണഘടന

    പ്രവാചകൻ മദീനയിൽ എത്തിയതിനു ശേഷം അദ്ദേഹത്തെ അവർ നേതാവായി അംഗീകരിച്ചു. നേതാവായി സ്ഥാനമേറ്റയുടൻ പ്രവാചകൻ മദീനയിലെ വിവിധ ഗോത്രങ്ങളുമായി കരാർ ഉണ്ടാക്കി. ഈ ഉടമ്പടിയാണ് “മദീനയുടെ ഭരണഘടന” എന്നറിയപ്പെടുന്നത്. ഈ ഉടമ്പടിയിലൂടെ നൂറ്റാണ്ടുകളായി തുടരുന്ന അനന്തമായ പോരാട്ടങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിജയകരമായി അറുതിവരുത്താൻ പ്രവാചകന് സാധിച്ചു.

    മദീനയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ സമത്വം, നീതി, മതസ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കരാറിലെ ഏറ്റവും പ്രധാനപ്പെട്ട ചില വ്യവസ്ഥകൾ നോക്കാം.

    സമാധാനവും ഐക്യവും എങ്ങനെ കൈവരിക്കാം? മദീനയുടെ ഭരണഘടനയിൽ നിന്നുള്ള പ്രതിഫലനം
    മദീന ഭരണഘടനയിലെ വ്യവസ്ഥകൾ

    മതസ്വാതന്ത്ര്യവും സൗമനസ്യവും സംബന്ധിച്ച വ്യവസ്ഥകൾ

    ജൂതന്മാർ മുസ്ലീങ്ങൾക്കൊപ്പം ഒരു സമൂഹമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജൂതന്മാർക്ക് അവരുടെ മതവും മുസ്ലീങ്ങൾക്ക് അവരുടെ മതവും ആചരിക്കാനുള്ള അവകാശമുണ്ട്.

    ജൂതന്മാർക്കും മുസ്ലീങ്ങൾക്കും ഇടയിൽ സൗമനസ്യവും ആത്മാർത്ഥതയും ഉണ്ടാവേണ്ടതുണ്ട്.

    സമത്വത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ

    ജൂതന്മാർ മുസ്ലിങ്ങളെ കരാറിന് വിളിച്ചാൽ മുസ്ലീങ്ങൾ അത് അംഗീകരിക്കണം, മുസ്ലീങ്ങൾ ജൂതന്മാരെ കരാറിന് വിളിച്ചാൽ ജൂതന്മാരും അത് അംഗീകരിക്കണം.

    ഈ കരാറിന് മുമ്പ് ജൂതഗോത്രങ്ങൾക്കിടയിൽ പോലും അസമത്വം വ്യാപകമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ബനൂ നദീർ, ബനൂ ഖുറൈസ എന്നീ രണ്ട് ജൂത ഗോത്രങ്ങളുടെ കാര്യമെടുക്കാം. ബനൂ നദീറിൽ നിന്നുള്ള ഒരാൾ ബനൂ ഖുറൈസയിൽ നിന്നുള്ള ഒരാളെ കൊലപ്പെടുത്തിയെന്നിരിക്കട്ടെ, ഈ അപരാധത്തിനു നഷ്ടപരിഹാരമായി ബനൂ നദീറുക്കാർ പണം മാത്രമേ നൽകുകയുള്ളൂ. മറിച്ച് അവരുടെ ഗോത്രത്തിൽ പെട്ട ഒരാളെ ബനൂ ഖുറൈസയിൽ നിന്നുള്ള ആരെങ്കിലും കൊന്നാൽ അവർ അതിന് ബദലായി ആ കൊലയാളിയെ കൊല്ലുമായിരുന്നു.

    മദീനയുടെ ഭരണഘടനയിലൂടെ പ്രവാചകൻ ഇത്തരം അന്യായമായ ആചാരങ്ങൾ അവസാനിപ്പിക്കുകയും ജൂത ഗോത്രങ്ങൾക്കിടയിൽ പോലും തുല്യത നടപ്പിൽ വരുത്തുകയും ചെയ്തു.

    നീതിയെക്കുറിച്ചുള്ള ഉപാധികൾ

    അനീതി പ്രവർത്തിക്കുകയോ അതിക്രമങ്ങൾ അല്ലെങ്കിൽ തിന്മകൾ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർ ആരായാലും മുസ്ലീങ്ങൾ അവർക്കെതിരാണ്. ആ വ്യക്തി ആരായാലും മുസ്ലീം ആണെങ്കിൽ പോലും അവരെല്ലാവരും (മുസ്ലിങ്ങളും ജൂതരും) ആ വ്യക്തിക്കെതിരെ ഒന്നിക്കും

    ഉദാഹരണത്തിന്: ഒരു മുസ്ലീം അമുസ്ലിമിനെ വഞ്ചിച്ചാൽ മറ്റെല്ലാ മുസ്ലീങ്ങളും നീതിക്കുവേണ്ടി നിലകൊള്ളുകയും വഞ്ചിക്കപ്പെട്ട അമുസ്ലിമിനെ പിന്തുണയ്ക്കുകയും ചെയ്യും.

    ഒരു കൊലപാതകിയെ പിന്തുണയ്ക്കുവാനോ അഭയം നൽകുവാനോ മുസ്ലിമിന് അനുമതിയില്ല.

    ഈ കരാർ ഒരിക്കലും അന്യായമായ ഒരു മനുഷ്യനെയോ കരാർ ലംഘിക്കുന്നവനെയോ സംരക്ഷിക്കാൻ ഇടപെടില്ല.

    മദീനയുടെ ഭരണഘടനയും അതിന്റെ ഇന്നത്തെ പ്രസക്തിയും

    മതസ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ പ്രായോഗികമായി നടപ്പിലാക്കാൻ ഉതകുന്ന ഒരു കരാറിലൂടെ മദീനയിലെ വിവിധ ഗോത്രങ്ങൾക്കിടയിലുള്ള അനന്തമായ പോരാട്ടത്തിനും അടിച്ചമർത്തലിനും വിജയകരമായി അറുതിവരുത്താൻ മുഹമ്മദ് നബിക്ക് സാധിച്ചു.

    1400-ലധികം വർഷങ്ങൾക്ക് ശേഷവും “മദീനയുടെ ഭരണഘടന” യിൽ നിന്നുള്ള തത്ത്വങ്ങൾ ഇന്നും വളരെ പ്രസക്തമാണ് എന്ന് നമ്മൾക്ക് കാണാം. പ്രത്യേകിച്ച് ഇന്ത്യയിലുള്ളപോലെ, മത-സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങളുള്ള ആളുകൾക്കിടയിൽ സമത്വവും സമാധാനവും ഐക്യവും കൈവരിക്കുന്നതിന് ഈ ഭരണഘടനയിലെ തത്വങ്ങൾ വളരെ പ്രസക്‌തിയേറിയതാണ്.

    മതസ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയുടെ ഉദാത്തമായ തത്വങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നത് നാമെല്ലാവരും ആഗ്രഹിക്കുന്ന സമാധാനവും ഐക്യവും പരസ്പരധാരണയും കൈവരിക്കാൻ സംശയലേശമന്യേ നമ്മെ സഹായിക്കും.

    ഐക്യമത്യം മഹാബലം! ജയ് ഹിന്ദ്!


    താഴെകാണുന്ന ലേഖനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം

    WHAT OTHERS ARE READING

    Most Popular