ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ് ഹലാൽ മാംസവും ഝട്ക മാംസവും എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.
“അനുവദനീയം” എന്നർത്ഥം വരുന്ന ഒരു അറബി പദമാണ് ഹലാൽ. ഒരു പ്രത്യേക രീതിയിൽ അറുത്ത ആടിന്റെയോ മാടിന്റെയോ കോഴിയുടെയോ മാംസത്തിനെയാണ് “ഹലാൽ അല്ലെങ്കിൽ അനുവദനീയമായ” മാംസം എന്ന് വിളിക്കുന്നത്.
ഹലാൽ മാംസം vs ഝട്ക മാംസം – എന്താണ് വ്യത്യാസം?
ഹലാൽ കശാപ്പ്
“ഹലാൽ” കശാപ്പ് രീതിയിൽ ആടിന്റെയോ മാടിന്റെയോ കോഴിയുടെയോ കണ്ഠനാഡി, ശ്വാസനാഡി, കരോട്ടിഡ് ധമനികൾ എന്നിവ മുറിച്ച് അറവുമൃഗത്തിന്റെ മുഴുവൻ രക്തവും പൂർണ്ണമായും കളയുന്നു.
ഝട്ക കശാപ്പ്
ഝട്ക എന്നാൽ “തൽക്ഷണം” എന്നാണർത്ഥം. “ഝട്ക” എന്ന കശാപ്പ് രീതിയിൽ ആടിനെയോ മാടിനെയോ കോഴിയെയോ ഒറ്റ വെട്ടിനോ തലക്കടിച്ചോ തൽക്ഷണം കൊല്ലുന്നു.
ഹലാൽ മാംസം അല്ലെങ്കിൽ ഝട്ക മാംസം – ഏതാണ് നല്ലത്?
ഇത്തരം ചോദ്യങ്ങളെ വൈകാരികമായി കാണാതെ വസ്തുനിഷ്ഠമായി സമീപിക്കാൻ ശ്രമിക്കണം. വിദഗ്ധർ എന്താണ് ഇതിനെപ്പറ്റി പറഞ്ഞതെന്ന് നോക്കാം.
മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്‌നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മീറ്റ് ടെക്‌നോളജി വിഭാഗം മേധാവി ഡോ.വി കെ മോദി പറയുന്നു.
അറുത്ത മൃഗത്തിൽ നിന്ന് രക്തത്തിന്റെ ഭൂരിഭാഗവും ഫലപ്രദമായി പുറന്തള്ളുന്നതാണ് ഹലാൽ രീതി. അറവ്മാംസം മൃദുവായിരുക്കാൻ ഇത് ഒരു സു പ്രധാനമായ ഘടകമാണ്. “ഝട്കയിൽ” രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് വേവിക്കാതെ കുറച്ച് ദിവസം സൂക്ഷിച്ചാൽ മാംസം കേടുവരും. അത്പോലെ ഝട്കമാംസം ചവയ്ക്കുന്നത് കൂടുതൽ കഠിനമായിരിക്കുകയും ചെയ്യും.
ഹലാൽ മാസത്തെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നതിനു കാരണം കശാപ്പിന് ശേഷം മൃഗങ്ങളുടെ ധമനികളിലൂടെ രക്തം വാർന്നുപോകുന്നതും കശാപ്പിന് ശേഷം കുറച്ച് നിമിഷങ്ങൾ ഹൃദയം പമ്പ് ചെയ്യുന്നത് തുടരുന്നത് മൂലം മൃഗത്തിന്റെ ശരീരത്തിലെ മിക്ക വിഷവസ്തുക്കളെയും പുറന്തള്ളുന്നതുമാണ്. ഝട്കയിൽ മുഴുവൻ രക്തവും വാർന്നുപോകുന്നില്ല. ആയതിനാൽ മാംസം കടുപ്പമുള്ളതും വരണ്ടതുമായി മാറുന്നു.
ഹലാൽ കശാപ്പ് ക്രൂരമോ?
കണ്ഠനാഡി, ശ്വാസനാഡി, കരോട്ടിഡ് ധമനികൾ എന്നിവ ഛേദിക്കപ്പെടുമ്പോൾ, തലച്ചോറിലെ ഞരമ്പിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുന്നു. ഇക്കാരണത്താൽ മൃഗത്തിന് വേദന അനുഭവപ്പെടുന്നില്ല. മൃഗം പോരാടുകയും ചവിട്ടുകയും ചെയ്യുന്നതായി നമുക്ക് തോന്നാം. പക്ഷേ ഇത് രക്തത്തിന്റെ കുറവുമൂലം പേശികളുടെ സങ്കോചവും അയവും കൊണ്ട് സംഭവിക്കുന്നതാണ് അല്ലാതെ അത് വേദന കൊണ്ടല്ല.
ഒരു വിവാദം ഉണ്ടാകേണ്ടതുണ്ടോ?
മുകളിൽ ഉദ്ധരിച്ച വിദഗ്ധരുടെ വീക്ഷണത്തോട് അമുസ്ലിംകൾക്ക് യോജിപ്പില്ലെങ്കിൽ അവർക്ക് എല്ലായ്പ്പോഴും ഝട്ക മാംസം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
വാസ്തവത്തിൽ ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് പഞ്ചാബിൽ നല്ലൊരു വിഭാഗം ഝട്ക മാംസം തിരഞ്ഞെടുക്കുന്നവരാണ്. റസ്‌റ്റോറന്റുകളേയും ഹോട്ടലുകളേയും ഹലാൽ മാംസം വിളമ്പാൻ നിർബന്ധിക്കുന്ന ഒരു നിയമവും നിലവിലില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. റസ്റ്റോറന്റുകളിൽ ഝട്ക മാംസം വിളമ്പാൻ എല്ലായ്‌പ്പോഴും അനുവദനീയമായിരിക്കെ അമുസ്‌ലിംകൾക്ക് എന്തിന് പ്രശ്‌നമുണ്ടാകണം?
ഹലാൽ മാംസം ഹിന്ദുക്കൾക്ക് തൊഴിലില്ലായ്മ ഉണ്ടാക്കുമോ?
ഹലാൽ മാംസം “സാമ്പത്തിക ജിഹാദിന്റെ” ഒരു രൂപമാണെന്ന് ചിലർ ആരോപിക്കുന്നു, ഇത് ഹിന്ദുക്കൾളുടെയും മറ്റ് അമുസ്ലിംകളുടെയും തൊഴിൽ അവസരങ്ങളെ പരിമിതപ്പെടുത്തുന്നു എന്നവർ കരുതുന്നു. ഇതിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ല. അമുസ്‌ലിംകളുടെയും മുസ്‌ലിംകളുടെയും ഉടമസ്ഥതയിലാണ് ഇറച്ചിക്കടകൾ. നോൺ-വെജിറ്റേറിയൻ ഹിന്ദുക്കളും (75%) മറ്റ് നോൺ-വെജിറ്റേറിയൻ അല്ലാത്തവരും (5%) മുസ്ലീങ്ങളേക്കാൾ (15%) എണ്ണത്തിൽ കൂടുതലാണ്
ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവയിൽ പോലും അമുസ്‌ലിം ഉപഭോക്തൃ അടിത്തറ (ഏകദേശം 80%) വെറും 15% വരുന്ന മുസ്‌ലിംകളേക്കാൾ വളരെ വലുതാണ്. നിങ്ങൾ ഒരു സൗന്ദര്യവർദ്ധക ഉൽപ്പന്ന കമ്പനി നടത്തുകയാണെങ്കിൽ നിങ്ങൾ ആരുടെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുക – 80% വരുന്ന ഉപഭോക്തക്കൂട്ടത്തിനാണോ അതോ 15% വരുന്ന ഉപഭോക്തൃ വിഭാഗത്തിനാണോ? തീർച്ചയായും 80% വരുന്ന ഉപഭോക്തക്കൂട്ടത്തിനെയായിരിക്കും, അവരോ അമുസ്‌ലിംകളാണ് താനും. കമ്പനികൾ ഭൂരിപക്ഷ (80%) ഉപഭോക്തൃ സമൂഹത്തെ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നിരിക്കെ എങ്ങിനെയാണ് 15% വരുന്ന ഉപഭോക്തൃ വിഭാഗത്തിന് അവരുടെ “ഹലാൽ” പ്രത്യയശാസ്ത്രം മറ്റു ഉപഭോക്തൃ സമൂഹത്തിന്റെമേൽ അടിച്ചേല്പിക്കാൻ കഴിയുക?
“ഹലാൽ മാംസ”ത്തിലൂടെയുള്ള “സാമ്പത്തിക ജിഹാദ്” എന്ന ഈ പ്രചരണം പച്ചക്കള്ളമാണെന്ന് ഇപ്പോൾ നിങ്ങൾക്ക് വ്യക്തമായിക്കാണുമെന്ന് തോന്നുന്നു..