ആരാണ് ദൈവം?
ഈ പ്രപഞ്ചത്തെയും അതിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ച സ്രഷ്ടാവാണ് ദൈവം.
ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. .
ഈ പ്രപഞ്ചം അനാദിയായിരുന്നോ അതോ അതിനൊരു തുടക്കമുണ്ടായിരുന്നോ?
പ്രപഞ്ചത്തിന്റെ പ്രായം 13.8 ബില്യൺ വർഷമാണെന്ന് ശാസ്ത്രജ്ഞർ എണ്ണി കണക്കാക്കുന്നു. പ്രപഞ്ചം അനാദിയായിരുന്നെങ്കിൽ അവർക്ക് അതിന്റെ പ്രായം അളക്കാൻ കഴിയുമായിരുന്നോ? തീർച്ചയായും ഇല്ല. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരിക്കലും ഒരു തുടക്കമില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ പ്രായം എങ്ങിനെ കണക്കാക്കാൻ കഴിയും? പ്രപഞ്ചത്തിന്റെ പ്രായം എന്നത് അതിന് ഒരു തുടക്കമുണ്ടായിരുന്നെന്ന് നമ്മോട് പറയുന്നു.
പ്രപഞ്ചം എങ്ങനെ ആരംഭിച്ചുവെന്ന് ശാസ്ത്രത്തിന് പറയാൻ കഴിയുമോ?
നിരീശ്വരവാദികൾ എല്ലാകാര്യങ്ങളും “ശാസ്ത്രീയ” വിശകലനത്തിലൂടെ മനസ്സിലാക്കാം എന്ന് വിശ്വസിക്കുന്നു. പ്രപഞ്ചം എങ്ങനെ ആരംഭിച്ചുവെന്ന് ശാസ്ത്രത്തിന് പറയാൻ കഴിയുമോ എന്നന്വേഷിക്കുന്നതിന് മുൻപ് , “ശാസ്ത്രം” എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.
എന്താണ് ശാസ്ത്രം?
പ്രശസ്തമായ ഓക്സ്ഫോർഡ് നിഘണ്ടു ശാസ്ത്രത്തെ ഇങ്ങനെ നിർവചിക്കുന്നു:
പ്രകൃതിദത്തവും ഭൗതികവുമായ ലോകത്തിന്റെ ഘടനയെയും വ്യവഹാരത്തെയും കുറിച്ചുള്ള വ്യവസ്ഥാപിതമായ പരീക്ഷണ നിരീക്ഷണങ്ങളാല്‍ തെളിയിക്കാൻ സാധ്യമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അറിവ്
ഓക്സ്ഫോർഡ് നിഘണ്ടു
ശാസ്ത്രം പ്രകൃതിദത്തവും ഭൗതികവുമായ ലോകത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്ന് നമ്മൾ മനസ്സിലാക്കി. അതിനർത്ഥം ശാസ്ത്രത്തിന്റെ വ്യവഹാരം പ്രപഞ്ചമണ്ഡലങ്ങളിൽ മാത്രമൊതുങ്ങുന്ന ഒന്നാണെന്നാണ്.
പ്രപഞ്ചം എങ്ങനെ ആരംഭിച്ചുവെന്ന് കണ്ടെത്തുന്നതിന് പ്രപഞ്ചം ആരംഭിക്കുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് നമ്മൾ അറിഞ്ഞിരിക്കണം, അതായത് പ്രപഞ്ചത്തിന് പുറത്ത് അതിന്റെ ഉത്ഭവത്തിന് മുൻപ് എന്താണ് സംഭവിച്ചതെന്ന് അറിയൽ അനിവാര്യമാണ്. കാരണം പ്രപഞ്ചത്തിന്റെ “ഹേതു” അതിന് പുറത്തായിരിക്കണം.
പ്രപഞ്ചത്തിന് പുറത്തുള്ള “ഹേതു” കണ്ടെത്താൻ പ്രപഞ്ചത്തിനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന ‘ശാസ്ത്രം’ ഉപയോഗിക്കാൻ കഴിയുമോ? ഇല്ല എന്നാണുത്തരം. പ്രപഞ്ചത്തിന്റെ “ഹേതു” കണ്ടുപിടിക്കാൻ ഒരു ഉപാധിയെന്നനിലയിൽ “ശാസ്ത്രം” അപര്യാപ്തമായതിനാൽ പ്രപഞ്ചത്തിന്റെ ഉത്ഭവം അറിയാൻ നാം യുക്തിസഹമായ ഒരു സമീപനം സ്വീകരികുന്നതാണുചിതം.
പ്രപഞ്ചോല്പത്തിയുടെ ഹേതു കണ്ടെത്താനുള്ള യുക്തിസഹമായ സമീപനം
പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന്റെ വിവിധ സാധ്യതകൾ തിരിച്ചറിയാൻ നമുക്ക് യുക്തിപരമായചിന്ത ഉപയോഗിക്കാവന്നതാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന് രണ്ട് യുക്തിപരമായ സാധ്യതകൾ മാത്രമേ നിലവിലുള്ളൂ.
- പ്രപഞ്ചം അതിനെ സ്വയം സൃഷ്ടിച്ചു.
- ‘എന്തോ ഒന്ന്’ പ്രപഞ്ചത്തെ സൃഷ്ടിച്ചു.
മുകളിലുള്ള രണ്ട് സാധ്യതകളും നമുക്ക് പരിശോധിക്കാം.
പ്രപഞ്ചത്തിന് സ്വയം സൃഷ്ടിക്കാൻ കഴിയുമോ?
ഇല്ലാത്ത ഒന്നിന് അതിനെ സ്വയം സൃഷ്ടിക്കാൻ കഴിയുമോ? ഇല്ല എന്നാണുത്തരം. “നീ നിന്നെ തന്നെ പ്രസവിച്ചു” എന്ന് പറയുന്നതിൽ വല്ല അർത്ഥമുണ്ടോ, അത് യുക്തിസാഹമാണോ? അല്ല. “പ്രപഞ്ചം സ്വയം സൃഷ്ടിച്ചു” എന്ന് പറയുന്നത് “നിങ്ങൾ സ്വയം ജന്മം നൽകി” എന്ന് പറയുന്നതിന് സമാനമാണ്. പ്രപഞ്ചം സ്വയം സൃഷ്ടിച്ചു എന്ന സാധ്യത ഇതോടെ ഇല്ലാതാവുന്നു.
‘എന്തോ ഒന്ന്’ പ്രപഞ്ചത്തെ സൃഷ്ടിച്ചു
പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന് യുക്തിസഹമായി ഒരു സാധ്യത മാത്രമേ അവശേഷിക്കുന്നുള്ളൂ, അതായത് ‘എന്തോ ഒന്ന്’ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നു എന്ന സാധ്യത. ഈ ‘എന്തോ ഒന്നിനെ’ നമ്മൾ ദൈവം എന്ന് വിളിക്കുന്നു. അപ്പോൾ ഒരാളുടെ മനസ്സിൽ ഉടനടി ഉയരുന്ന ചോദ്യമുണ്ടാവും “ദൈവത്തെ ആരാണ് സൃഷ്ടിച്ചത്?”. നമുക്ക് ഈ ചോദ്യം ചർച്ച ചെയ്യാം.
ആരാണ് ദൈവത്തെ സൃഷ്ടിച്ചത്?
ഒരു കാര്യത്തിന്റെ തുടക്കവും ഒടുക്കവും അളക്കാൻ നമ്മൾ ‘സമയം’ എന്ന പ്രതിഭാസത്തെ ഉപയോഗിക്കുന്നു. ‘സമയം’ ഇല്ലെങ്കിൽ തുടക്കവും ഒടുക്കവും ഉണ്ടാവുകയില്ല. ഈ പ്രപഞ്ചത്തിലെ എല്ലാം സമയത്തെ ആശ്രയിച്ചിരിക്കുന്നു; അതിനാൽ അവയ്‌ക്കെല്ലാം ഒരു തുടക്കവും ഒടുക്കവും ഉണ്ട്.
പ്രപഞ്ചം പോലെത്തന്നെ ‘സമയം’ എന്ന പ്രതിഭാസവും ഉണ്ടായതാണ്. അഥവാ അതിനും ഒരു തുടക്കമുണ്ട്. അത്കൊണ്ട് തന്നെ ‘സമയം’ എന്നത് നിലവിൽ വരാനും ഒരു കാരണം ഉണ്ടാവണം. ഈ പ്രപഞ്ചത്തിലെ ഒന്നിനും സ്വയം നിലവിൽ വരാൻ സാധിക്കില്ലെന്ന് നാം മനസ്സിലാക്കിയല്ലോ. പ്രപഞ്ചാരംഭത്തിന് കാരണക്കാരനായ ദൈവം തന്നെയാണ് ‘സമയ’ത്തിന്റെ തുടക്കത്തിനും ഹേതു. എന്തുകൊണ്ടെന്നാൽ ദൈവം സമയപരിധിക്കുള്ളിലായിരുന്നുവെങ്കിൽ അതിനർത്ഥം അവനും ഒരു തുടക്കമുണ്ടെന്നാണ്. ദൈവത്തിന് ഒരു തുടക്കമുണ്ടായിരുന്നുവെങ്കിൽ ദൈവത്തിന്റെ തുടക്കത്തിനും ഒരു കാരണം ഉണ്ടായിരിക്കണം. എല്ലാം ‘സമയ’ ലൂപ്പിനുള്ളിൽ സംഭവിക്കുന്നതിനാൽ ദൈവത്തിന്റെ തുടക്കത്തിന്റെ കാരണത്തിനും ഒരു കാരണം ഉണ്ടായിരിക്കണം. ഇങ്ങിനെയായിരുന്നെങ്കിൽ ഈ “കാരണങ്ങളുടെ” ശൃംഖല അനന്തമായി നീണ്ട്പോവുകയും ഒന്നും സൃഷ്ടിക്കപ്പെടുകയുമുണ്ടായിരുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമായി മനസ്സിലാക്കാം.
മീൻപിടുത്തം ആരംഭിക്കാൻ മിസ്റ്റർ എ-ക്ക് മിസ്റ്റർ ബിയിൽ നിന്ന് അനുമതി ആവശ്യമാണെന്ന് വെക്കുക
മിസ്റ്റർ ബി-ക്ക് മിസ്റ്റർ സിയിൽ നിന്ന് അനുമതി ആവശ്യമാണെന്ന് സങ്കല്പിക്കുക
മിസ്റ്റർ സി-ക്ക് മിസ്റ്റർ ഡിയിൽ നിന്നും
മിസ്റ്റർ ഡി-ക്ക് മിസ്റ്റർ ഇയിൽ നിന്നും
മിസ്റ്റർ ഇ-ക്ക് മിസ്റ്റർ എഫിൽ നിന്നും
മിസ്റ്റർ എഫിന് മിസ്റ്റർ ജിയിൽ നിന്നും
ഈ അനുമതി ശൃംഖല ഇങ്ങനെ അവസാനമില്ലാതെ തുടർന്നാൽ, മിസ്റ്റർ എ യ്ക്ക് എപ്പോഴെങ്കിലും മിസ്റ്റർ ബിയിൽ നിന്ന് ആവശ്യമായ അനുമതി ലഭിക്കുമോ? ഇല്ല എന്നാണ് ഉത്തരം.
മേൽപ്പറഞ്ഞ ഉദാഹരണത്തിലെന്നപോലെ, ദൈവം സമയത്തിനുള്ളിലായിരുന്നുവെങ്കിൽ, കാരണങ്ങളുടെ ശൃംഖല അനന്തമായി തുടരുമായിരുന്നു. പ്രപഞ്ചം ഒരിക്കലും സൃഷ്ടിക്കപ്പെടുമായിരുന്നില്ല. പക്ഷേ പ്രപഞ്ചത്തിന്റെ സൃഷ്ടി എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനാൽ പ്രപഞ്ചാരംഭത്തിന് കാരണക്കാരനായ ദൈവം ‘സമയ’ത്തിന് അതീതനാണ്. ദൈവം ‘സമയ’ ത്തിന്റെയും കാരണക്കാരനാണ്.
‘സമയത്തിന്’ അതീതനായ ദൈവത്തിന് ആദിയോ അന്ത്യമോ ഉണ്ടാവുകയില്ല. അതുകൊണ്ട്തന്നെ ദൈവത്തെ ആരാണ് സൃഷ്ടിച്ചത് എന്ന ചോദ്യം അർത്ഥശൂന്യമായ ഒരു ചോദ്യമാണ്.
ഉപസംഹാരം
- പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കാൻ കഴിയുന്നു. അതിനാൽ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട്.
- പ്രപഞ്ചത്തിന് സ്വയം സൃഷ്ടിക്കാൻ കഴിയില്ല, അതിനാൽ ‘എന്തോ ഒന്ന് ‘ അതിനെ സൃഷ്ടിച്ചു.
- ആ ‘എന്തോ ഒന്നിനെ’ നമ്മൾ ദൈവം എന്ന് വിളിക്കുന്നു.
- പ്രപഞ്ചത്തെപ്പോലെ, ‘സമയവും’ നിലവിൽ വന്നതാണ്.
- കാരണങ്ങളുടെ ശൃംഖല അനന്തമായി തുടരുമെന്നതിനാൽ ദൈവം ‘സമയത്തിനുള്ളിൽ’ ആയിരിക്കാൻ വഴിയില്ല.
- ദൈവം ‘സമയ’മെന്ന പ്രാപഞ്ചികനിയമത്തിന് അതീതനാണ്. അതിനാൽ ദൈവത്തിന് തുടക്കമോ ഒടുക്കമോ ഇല്ല.
- ദൈവത്തിന് തുടക്കവും ഒടുക്കവുമില്ലെങ്കിൽ ‘ദൈവത്തെ ആരാണ് സൃഷ്ടിച്ചത്?’ എന്ന് ചോദിക്കുന്നതിൽ ഒരർത്ഥമില്ല.