More

  Choose Your Language

  മുസ്ലിംകളോട് അമുസ്‌ലിങ്ങളെ സുഹൃത്തുക്കളാക്കാൻ പാടില്ലെന്ന് ഇസ്ലാം പറയുന്നുണ്ടോ?

  മുസ്ലിങ്ങളെ അമുസ്ലിങ്ങളുമായി ഇടപെടുമ്പോൾ നീതിമാനായിരിക്കുന്നതിൽ നിന്നും ഏറ്റവും ഉയർന്ന രീതിയിലുള്ള സൽപെരുമാറ്റത്തിൽ നിന്നും ദൈവം തടയുന്നില്ലെന്ന് വളരെ സ്പഷ്ടമാണ്. മുസ്ലീം അയൽക്കാരോട് മാത്രമല്ല എല്ലാ അയൽക്കാരോടും ദയയോടും മര്യാദയോടും കൂടി പെരുമാറണമെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.

  ഈ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. 3:28, 3:118, 4:144, 5:51, 58:22 എന്നിവ ഇവയിൽ ചിലതാണ്. ഖുർആനിന്റെയും മുഹമ്മദ് നബി (സ)യുടെ ഹദീസുകളുടെയും (നബിയുടെ വാക്കുകൾ, പ്രവർത്തികൾ, അദ്ദേഹം ചെയ്യാൻ അനുവാദം നൽകിയത്) വെളിച്ചതിലാണ് ഈ വചനങ്ങളെ വിശകലനം ചെയ്യേണ്ടത്. അവയാണല്ലോ ഇസ്‌ലാമിക വിശ്വാസത്തിന്റ ആധാരശിലയും ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനവും.

  വചനങ്ങളുടെ വിശകലനം – 3:28, 4:144, 5:51

  മുകളിൽ പ്രതിപാദിച്ച വചനങ്ങളുടെ മലയാള വിവർത്തനം എന്താണെന്ന് നോക്കാം.

  സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ഔലിയാക്കളാക്കിവെക്കരുത്. – അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌.

  3:28

  സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഔലിയാക്കളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

  4:144

  സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഔലിയാക്കളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

  5:51

  മേൽപ്പറഞ്ഞ വചനങ്ങളുടെ ഭാഷാപരമായ വിശകലനം

  മേൽപ്പറഞ്ഞ വചനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അറബി പദം “ഔലിയ” എന്നാണ്. ഈ പദത്തെ ചില വിവർത്തകർ “സുഹൃത്തുക്കൾ” എന്ന് അർത്ഥം നൽകിയിട്ടുണ്ട്. സുഹൃത്ത്, സംരക്ഷകൻ, സഖ്യകക്ഷി, സഹായി, രക്ഷകര്‍ത്താവ്‌ എന്നിങ്ങനെ നിരവധി അർത്ഥങ്ങളുള്ള “വലി” എന്ന അറബി പദത്തിന്റെ ബഹുവചന രൂപമാണ് “ഔലിയ”.

  ഒരു വാക്കിന് ഒന്നിൽക്കൂടുതൽ അർത്ഥങ്ങളുണ്ടാകുമ്പോൾ, സന്ദർഭത്തിന് അനുയോജ്യമായ അർത്ഥമാണ് നൽകേണ്ടത്. ഏത് ഭാഷയുടെ കാര്യത്തിലും ഇതാണുചിതം.

  “നിലം പരിശാക്കുക” എന്ന മലയാളവാക്കിന് നിരവധി അർത്ഥങ്ങളുണ്ട്. ഏറ്റവും സാധാരണമായ അർത്ഥങ്ങളിലൊന്ന് “അടിച്ചടിച്ച് അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഒരാളെ താഴെ വീഴ്ത്തുക” എന്നതാണ്. എന്നിരുന്നാലും, “നിലം പരിശാക്കുക” എന്ന വാക്കിന്റെ അർത്ഥം സന്ദർഭത്തെ ആശ്രയിച്ചിരിക്കുന്നു.

  ഉദാഹരണത്തിന്; “20/20 ക്രിക്കറ്റ് മാച്ചിൽ ഇന്ത്യ ആസ്ട്രേലിയയെ നിലം പരിശാക്കി” എന്ന് എഴുതിക്കണ്ടാൽ നമ്മൾ എന്ത് മനസ്സിലാക്കും? ഇന്ത്യൻ കളിക്കാർ ആസ്‌ട്രേലിയൻ കളിക്കാരെ അടിച്ചടിച്ച് താഴെവീഴ്ത്തി എന്ന് നമ്മൾ മനസ്സിലാക്കുമോ അതോ ക്രിക്കറ്റ് ഗെയിമിൽ ഇന്ത്യ ആസ്ട്രേലിയയെ തോൽപ്പിച്ചെന്ന് മനസ്സിലാക്കുമോ?

  “നിലം പരിശാക്കുക” എന്നതിന്റെ അർത്ഥം “അടിച്ചടിച്ച് അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഒരാളെ താഴെ വീഴ്ത്തുക” എന്നത് മാത്രമാണെന്ന് ആരെങ്കിലും വാശിപിടിക്കുകയും ഇന്ത്യൻ കളിക്കാർ ആസ്ട്രേലിയൻ കളിക്കാരെ അടിച്ചടിച്ചു താഴെ വീഴ്ത്തി എന്ന രീതിയിലാണ് മുകളിലുദ്ധരിച്ച വാർത്തയെ മനസ്സിലാക്കേണ്ടത് എന്നും ശഠിച്ചാൽ! എന്തസംബന്ധവും ഭ്രാന്തൻ അവകാശവാദവുമാണത്!

  ഈ വിവർത്തനനിയമം മുകളിൽ പറഞ്ഞ ഖുർആൻ വചനങ്ങൾ വിശകലനം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

  മേല്പറഞ്ഞ വചനങ്ങളിലെ “ഔലിയാ” എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് നിർവചിക്കുന്നതിന് മുമ്പ് നമുക്ക് പ്രവാചകന്റെ ഒരു ഹദീസ് നോക്കാം.

  മുഹമ്മദ് നബി (സ) പറഞ്ഞു:

  വലിയില്ലാതെ നിക്കാഹ് (വിവാഹം) ഇല്ല

  ഈ സന്ദർഭത്തിൽ “വലി” എന്ന വാക്കിന്റെ അർത്ഥം വരുന്നത് “രക്ഷിതാവ്” എന്നാണ്. ഈ ഹദീസ് ആരും “സുഹൃത്തില്ലാതെ വിവാഹമില്ല” എന്ന രീതിയിൽ മനസിലാക്കിയിട്ടില്ല.

  ഇനി നമ്മൾ മുകളിൽ സൂചിപ്പിച്ച ഖുർആനിലെ വചനങ്ങളിലേക്ക് മടങ്ങുകയാണെങ്കിൽ, “ഔലിയ” (വലി എന്ന അറബി വാക്കിന്റെ ബഹുവചനം) എന്ന വാക്ക് ഇവിടെ അർത്ഥമാക്കുന്നത് “സംരക്ഷകർ” അല്ലെങ്കിൽ “സഖ്യകക്ഷികൾ” എന്നാണ്, “സുഹൃത്തുക്കൾ” എന്നല്ല. വചനങ്ങൾ അവതരിച്ച സന്ദർഭമാണ് ഈ നിഗമനത്തിന് ആധാരം. മുസ്‌ലീങ്ങളെന്ന് അവകാശപ്പെടുന്ന, എന്നാൽ മുസ്‌ലീങ്ങളുമായി യുദ്ധത്തിലേർപ്പെട്ട് അവരെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന അവിശ്വാസികളുടെ സംരക്ഷണം തേടുന്ന ആളുകളെക്കുറിച്ചാണ് ഈ വചനങ്ങൾ പരാമർശിക്കുന്നത്.

  നോട്ട്: “സുഹൃത്ത്” എന്ന വാക്ക് വളരെ പൊതുവായ ഒരു വാക്കാണ്, സന്ദർഭങ്ങൾക്കനുസരിച്ച് നിരവിവധി അർത്ഥങ്ങൾ അതിന് കൊടുക്കാവുന്നതാണ്. ഈ സന്ദർഭത്തിൽ, “സൗഹൃദം” എന്നത് അമുസ്‌ലീങ്ങളോടുംകൂടിയുള്ള സദ്‍വൃത്തമായതും ദയയോടും നീതീയോടും കൂടിയുള്ള പെരുമാറ്റമെണെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്.

  3:118 വചനത്തിന്റെ വിശകലനം

  സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ പുറമെയുള്ളവരില്‍ നിന്ന്‌ നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങള്‍ക്ക്‌ അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ്‌ അവര്‍ക്ക്‌ ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന്‌ വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച്‌ വെക്കുന്നത്‌ കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.

  സൂക്തം 3 വചനം 118

  ഈ വചനത്തിന്റെ വിവർത്തനം ഒരു വട്ടം വായിച്ചാൽ തന്നെ മുസ്‌ലീങ്ങളെ ദ്രോഹിക്കാൻ ആഗ്രഹിച്ച അവിശ്വാസികളെക്കുറിച്ചാണ് ഈ വചനം പറയുന്നത് എന്ന് വ്യക്തമാകും.

  58:22 വചനത്തിന്റെ വിശകലനം

  അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.

  സൂക്തം 58 വചനം 22

  യുദ്ധസമയത്ത് (ബദർ യുദ്ധം) ഇസ്‌ലാമിന്റെ ശത്രുക്കൾ മുസ്‌ലീങ്ങളെ നശിപ്പിക്കാൻ ആഗ്രഹിച്ച് മുസ്‌ലീങ്ങളുടെ മൂന്നിരട്ടി വരുന്ന സൈന്യവുമായി വന്ന സന്ദർഭത്തിലാണ് ഈ വചനം അവതരിച്ചത്. സ്വന്തം കുടുംബത്തോടും ബന്ധുക്കളോടും ഉള്ള സ്നേഹം സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിൽ അവരെ തടഞ്ഞില്ല എന്ന കാര്യത്തെ ദൈവം ഈ വചനത്തിലൂടെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.

  മാത്രമല്ല ഖുറാൻ ഉൾപ്പെടെയുള്ള ഏതൊരു ഗ്രന്ഥവും മൊത്തത്തിലാണ് വിശകലനം ചെയ്യേണ്ടത്. ശകലങ്ങളും കഷ്ണങ്ങളുമാക്കി വിശകലനം ചെയ്യുന്നത് ആ ഗ്രന്ഥത്തോട് ചെയ്യുന്ന അനീതിയാണെന്ന് മാത്രമല്ല, അതിന്റെ യഥാർത്ഥ ആശയം വായനക്കാരന് അത് കാരണം ലഭിക്കാതെ പോവുകയും ചെയ്യും.

  അമുസ്‌ലിംകളോടുള്ള അനുകമ്പയോടും നീതിപൂര്‍വ്വകവുമായ പെരുമാറ്റത്തെക്കുറിച്ച് ഖുർആൻ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം.

  സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

  സൂക്തം 5 വചനം 8

  തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത്‌ നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക്‌ ( സഹായം ) നല്‍കുവാനുമാണ്‌ . അവന്‍ വിലക്കുന്നത്‌ നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്‌. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു

  സൂക്തം 16 വചനം 90

  ഒരു സമുദായത്തെയോ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടിയും അവരോട് നീതിയുക്തമല്ലാത്ത രീതിയിലോ പക്ഷപാതപൂര്‍ണ്ണമായ രീതിയിലോ വർത്തിക്കാൻ മുസ്ലിങ്ങൾക്ക് അനുവാദമില്ലെന്ന് ഈ ഖുർആനിക വചനങ്ങൾ വ്യക്തമാക്കുന്നു.

  മാത്രമല്ല ദൈവം ഖുർആനിലൂടെ പറയുന്നു:

  മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

  അധ്യായം 60: വചനം 8

  “നന്‍മ ചെയ്യുക” എന്നർത്ഥം വരുന്ന “തബർറു” എന്ന അറബി പദമാണ് ഈ വചനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. “തബർറു” എന്നതിന്റെ മൂലപദം “ബിർ” എന്നാണ്. മാതാപിതാക്കളോടുള്ള കാരുണ്യപൂർണമായ പെരുമാറ്റം പോലെയുള്ള നന്മയിൽ വർത്തിക്കുന്നതിന്റെ ഏറ്റവും ഉയർന്ന രൂപത്തിനാണ് “ബിർ” എന്ന വാക്ക് ഖുർആനിൽ ഉപയോഗിച്ചിട്ടുള്ളത്. ഉദാഹരണം: “ബിർറുൽ വാലിദൈൻ”, അതായത് “മാതാപിതാക്കളോടുള്ള കാരുണ്യപരമായ നീതിയുകതമായ സല്‍പെരുമാറ്റം”. മാതാപിതാക്കളോടുള്ള സൽ‍പെരുമാറ്റത്തെ കുറിച്ച് സംസാരിക്കുമ്പോൾ മുഹമ്മദ് നബി (സ) “ബിറുൽ വാലിദായ്ൻ” എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്.

  മുസ്ലിങ്ങളെ അമുസ്ലിങ്ങളുമായി ഇടപെടുമ്പോൾ നീതിമാനായിരിക്കുന്നതിൽ നിന്നും ഏറ്റവും ഉയർന്ന രീതിയിലുള്ള സൽപെരുമാറ്റത്തിൽ നിന്നും ദൈവം തടയുന്നില്ലെന്ന് വളരെ സ്പഷ്ടമാണ്.

  അയൽവാസികളുമായിട്ടുള്ള പെരുമാറ്റം

  പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു: “അയൽക്കാരോട് ദയയോടെയും മാന്യതയോടും കൂടി പെരുമാറണമെന്ന് ജിബ്രീല്‍ മാലാഖ എന്നോട് തുടർച്ചയായി ഉപദേശിച്ചുകൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ അയൽക്കാരെ തന്റെ അനന്തരാവകാശിയാക്കി പരിഗണിക്കാൻ കൽപ്പിക്കപ്പെടുമെന്ന് എന്നിക്കു തോന്നി.

  മുസ്ലീം അയൽക്കാരോട് മാത്രമല്ല എല്ലാ അയൽക്കാരോടും ദയയോടും മര്യാദയോടും കൂടി പെരുമാറണമെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.

  മേല്പറഞ്ഞതിൽ നിന്നെല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്നത് മറ്റുള്ളവരുടെ മതവിശ്വാസത്തിനതീതമായി അവരോട് നീതിയോടും മാന്യമായും ദയയോടും കൂടി വർത്തിക്കണമെന്ന് ദൈവം മുസ്ലിങ്ങളോട് നിർദ്ദേശിക്കുന്നുവെന്നാണ്.

  WHAT OTHERS ARE READING

  Most Popular